30 November, 2009

ഇന്‍ബോക്സ്

ഇപ്പോള്‍ ഇതുവഴി അങ്ങനെയാരും
വഴി തെറ്റി കടന്നു വരാറില്ല.
അതിക്രമിച്ചു കടക്കുന്നവര്‍
ശിക്ഷിക്കപ്പെടുമെന്ന ശാസന
പണ്ടേ ഒരുവള്‍
സ്വന്തമാക്കിയതാണെങ്കിലും.
ഇതു പൊതുവഴിയല്ലെന്ന മുന്നറിയിപ്പ്
ഉന്മാദപ്പെരുമഴ പെയ്യിച്ച
രാത്രികളിലൊന്നിലെപ്പോഴോ
അടര്‍ന്നു വീണിരുന്നെങ്കിലും.
പണ്ടെന്നോ വന്നു കയറിയവര്‍
തൂങ്ങിമരിച്ച മരക്കൊമ്പില്‍ നിന്നു
താഴെയിറക്കിക്കിടത്തിയ
ജഡങ്ങളിലൊന്നിനെ
തോളിലേറ്റി ശ്മാശാനത്തിലേക്ക്
നടക്കാന്‍ പഴയൊരോര്‍മ
എവിടെയോ വഴി ചോദിച്ചു നടപ്പുണ്ട്.
വീണ്ടും വീണ്ടും കോട്ടുവായിട്ട്
വേതാളമൊന്നിവിടെയെന്നും
കാത്തിരിക്കുന്നതറിയാതെ.
വേതാളച്ചോദ്യത്തില്‍ തോറ്റു
തല ചിതറുമെന്നറിയാതെ.

26 November, 2009

തനിച്ച് ഉരുവിടേണ്ടുന്ന പ്രാര്‍ത്ഥനകള്‍



കുളിക്കാന്‍ പുഴയിലേക്കുള്ള വഴിയില്‍ നമ്മള്‍ അലയുന്നതിന്റെ വേവലാതികളെ കുറിച്ചു വാതോരാതെ സംസാരിച്ചെന്നിരിക്കും. മീനുകള്‍ കടലോളം നീന്തിച്ചെന്നു ഉപ്പുവെള്ളത്തില്‍ തൊടുന്നതിനെ കുറിച്ചാവും ഒരാള്‍ പറഞ്ഞിട്ടുണ്ടാവുക. അതിന്റെ ചെകിളയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുപ്പു പരല്‍ അപ്പോള്‍ മനസില്‍ ഓര്ത്തെന്നിരിക്കും. നീന്താനുള്ള ദൂരത്തെ കുറിച്ചു ഒരു കുഞ്ഞു മീന്‍ ആഹ്ലാദിക്കുന്നതും വെള്ളത്തിന്റെ അറിവുകള്‍ അതിന് മുന്നില്‍ താനേ തുറക്കുന്നതും സ്വപ്നം കാണും. 'ദൈവമേ, കഷ്ടം ഈ പക്ഷികള്‍ക്കൊന്നും മീനുകളെപ്പോലെ നീന്താനാവില്ലല്ലോ' എന്ന് കുഞ്ഞു പെങ്ങള്‍ സങ്കടപ്പെടുന്നതിന്റെ പൊരുള്‍ ആര്‍ക്കാണ് അറിയാവുന്നത്?. 'പക്ഷികളെ ആരും ചൂണ്ടയില്‍ കോര്‍ത്ത്‌ പോവരുതേ' എന്നവള്‍ പ്രാര്ത്തിക്കുകയാവും. വെള്ളത്തിനടിയില്‍ ഒഴുക്കിന്റെ അര്‍ത്ഥങ്ങള്‍ ഒന്നും ആദ്യമേ പിടികിട്ടിയെന്ന് വരില്ല. വിലാപങ്ങളോരോന്നു വന്നു ഓരോരോ വഴിയില്‍ നമ്മെ വഴിതെറ്റിച്ച് കൂട്ടിക്കൊണ്ടു പോകുന്നത് എത്ര ശ്രദ്ധിചിരുന്നാലും മനസ്സിലായെന്നു വരില്ല. 'ഒരു ചൂണ്ടക്കുരുക്കില്‍ നിന്നു രക്ഷപ്പെടുത്തേണമേ' എന്നല്ല കുഞ്ഞുപെങ്ങള്‍ പ്രാര്‍ത്ഥി ച്ചിട്ടുണ്ടായിരിക്കുക. 'ഓര്‍മകളുടെ പായലില്‍ പ്രലോഭിപ്പിക്കപ്പെട്ടു പോവരുതേ' എന്നുമാവില്ലെന്ന് ആര്‍ക്കാണറിയാവുന്നത്. തിരിച്ചുനടക്കുമ്പോള്‍ സംസാരിക്കാന്‍ ഒന്നുമുണ്ടാവില്ല. പ്രാര്‍ത്ഥനകളെ അപ്പോഴേക്കും മീനുകള്‍ അപ്പാടെ തിന്നുതീര്ത്തിരിക്കും.

25 November, 2009

ജീവിതത്തോട് ഒന്നു രണ്ടു പരിഭവങ്ങള്‍


ഞാനും മരണവും കൂടി ജീവിതമേ

നിന്നെയൊരു തണ്ടിലേറ്റി

നീങ്ങുമ്പോഴാവണം

വഴിവക്കിലാരോ പറഞ്ഞത് :

"കഷ്ടം, ഈ ജീവിതമിങ്ങനെ

തണ്ടോളമായാല്‍

താനെന്നു വിളിക്കണോ അതോ

തണ്ടിലേറ്റി നടത്തണോ? ".


ഒറ്റത്തണ്ട് പാലത്തില്‍ ,

ദുരന്ത നാടകത്തിന്റെ നിഴല്‍

കണ്ടാവണം നീ കുതറിയതും

ഒഴുക്ക് വെള്ളപ്പിടച്ചിലില്‍ നിന്നു

ആ മരണം അതൊന്നു മാത്രം

നീന്തി കരപറ്റിയതും.


ജീവിതമേ, നിന്നെയും കൊക്കിലാക്കി

കണ്ണില്‍ മഴവില്ല് കുത്തുന്ന

മായക്കാഴ്ച്ചയിലങ്ങനെ

ഇരിക്കുമ്പോഴാകണം പൊന്നേ,

അങ്ങ് താഴെ പ്രലോഭനങ്ങള്‍ക്ക്

വാലു മുളച്ചതും ശബ്ദമുയര്‍ന്നതും.

ഒരു പാട്ട് ഒരു പാട്ടുമാത്രമെന്നു

ആരോ കൊതിപ്പിച്ചതും.


മനസ്സിന്റെ കാമനകളിലേക്ക്

കൊക്ക് പിളര്ത്തുമ്പോള്‍

ഓര്മത്തെറ്റ് പോലെ

നീയടര്‍ന്നു വീണതും.

ആരോ നിന്നെ റാഞ്ചുന്നത് കണ്ടും

ആസക്തികള്‍ ചുറ്റും ചിനക്കുന്നത്

കേട്ടും വെറുതെ ഞാനിരിക്കുന്നതും.



23 November, 2009

ഓര്‍മകളുടെ ഭൂപടം


രേഖാംശം, അക്ഷാംശം, ഭൂമധ്യരേഖ തുടങ്ങിയ നൂല്‍ ബന്ധങ്ങള്‍ നൂണ്ടു കടന്നുതുടങ്ങണം. വാക്കുകള്‍ മഴയെ പുഴയെന്നും കടലെന്നും കൂട്ടിവായിക്കും. അപ്പോള്‍, ഓരോരോ നോവുകള്‍ കാണുന്നതിനെയൊക്കെ വര്‍ത്ത‍മാനമെന്നും ഭൂതമെന്നും പിരിച്ചുപറയും. ഉള്ളാലെ കാറിക്കരയുന്നൊരു മൌനമാവും ആലോചനകളെ ഹിമമെന്നും മരുവെന്നും പച്ചപ്പെന്നും തീരെ നേര്‍ത്തൊരു വേലി കെട്ടിത്തിരിച്ചിട്ടുണ്ടാവുക. പുല്മേട്ടിലപ്പോള്‍ വാക്കുകള്‍ കിളികളായി പറന്നുനടക്കും. നിമിഷങ്ങളോരോന്നു മീനുകളായി ഓളമുലച്ചിലിനു കാത്തുനില്‍ക്കും. മനസ്സിലെ ചില പുകച്ചിലുകള്‍ ആകാശത്ത് കറുത്ത് കെട്ടിക്കിടക്കുയാവും . അവയൊട്ടും പെയ്തില്ലെന്നും വരാം. വര്‍ഷങ്ങളെ കാലം മഴക്കാടെന്നും ഇലപൊഴിയും കാടെന്നും ഊഷരവനങ്ങളെന്നും നിറം മാറ്റിനിര്‍ത്തും. പൊഴിഞ്ഞ ഇലകളിലെഴുതപ്പെട്ടത്‌ വായിക്കാന്‍ നമുക്കാണ് വെമ്പല്‍. പക്ഷെ, അക്ഷരങ്ങളുടെ കൊളുത്തും പിടിയും അഴിഞ്ഞിട്ടുണ്ടാവണം. അതിര്‍ത്തി വരകള്‍ നേര്‍ത്തു നേര്‍ത്തു തീരെ ദുര്‍ബലമായി വരും. അപ്പോഴേക്കും ഭൂപടം കൃത്യമായി നോക്കാന്‍ നമ്മള്‍ പഠിച്ചിരിക്കും.

18 November, 2009

ശ്മശാനത്തിലെ ഓരോ പകല്‍


സ്വന്തം തലയറുത്തു വഴിയരികില്‍

സ്വന്തം ജാതകം കാഴ്ചയ്ക്ക് വച്ചിരുന്ന

ചെറുപ്പക്കാരനെ ഈയിടെയായി

വഴിവിളക്കുകള്‍ക്കും കണ്ടാലറിയില്ല.

ട്രാഫിക് വിളക്ക് ചുവപ്പായി കത്തുന്നത്

അവന്റെ ചങ്കാണെന്നു കരുതിയ

കാലം ആരുമോര്‍ക്കാറില്ല.

വൈകുന്നേരമാവുന്നത് അവന്റെ

കഴുത്ത് വീണ്ടും മുളക്കാനായിരുന്നെന്നു

ആരും കാത്തിരിക്കാറുമില്ല.

കഴുത്ത് മുറിഞ്ഞ തലയിലെ

കണ്ണുകള്‍ വഴിപോക്കരെ

അലോസരപ്പെടുത്താറില്ല.

ശീര്‍ഷകമില്ലാത്ത കബന്ധം

സ്വന്തം തലയെപ്പറ്റി

ആരെയും ഓര്മിപ്പിക്കുന്നുമില്ല.

പൊട്ടിയ മലിനജലക്കുഴല്‍ പോലെ

കഴുത്തിലെ ചോരക്കുഴലറ്റം

ഒരു പരാതിയും പറയുന്നില്ല.

തലയെടുത്തു കഴുത്തില്‍ വച്ചു

വൈകുന്നേരം ചെറുപ്പക്കാരന്‍

തിരിച്ചുപോവുമ്പോള്‍ മാത്രം

ആരുമൊന്നും പറയില്ല,

വീണ്ടും വരണമെന്നോ അതോ

വീണ്ടും വരരുതേ എന്നോ.

17 November, 2009

സ്വയം എഴുതാവുന്ന മഹസ്സറില്‍ നിന്ന്


ശരീരത്തില്‍ നിന്ന്

ജീവപര്യന്തം ശിക്ഷയ്ക്കിടെ

തടവ്‌ ചാടിയ

ഓര്‍മയുടെ ഈ ജഡത്തിനു

ഒരായുസെങ്കിലും പഴക്കം.

ജയില്‍ വളപ്പിലേക്ക്

പൂത്തിറങ്ങിയ

പൂവാകയുടെ ചുവട്ടില്‍

അത് മുളക്കാതെ കിടന്നിരിക്കും.

എന്നും തിളച്ചുനിന്ന ഹൃദയത്തെ

ഒരു പൂമ്പൊടി പൊള്ളിച്ചിരുന്നു.

ആരെക്കാളും അധികം

പറഞ്ഞു നിര്‍ത്തിയിടത്ത്

ആഴത്തില്‍ അഞ്ചു മുറിവുകള്‍.

ഓരോന്നും മാരകം.

ആര്‍ക്കും അടുത്തറിയാവുന്ന

ശ്വാസത്തിനു മേല്‍

ആരുടെയോ കൈവിരല്‍പ്പാടും.

നെഞ്ഞിനുള്ളിലെ ബാക്കിവന്ന

നിലവിളിക്കു മേലെ ആരുടെയോ

കാലടികള്‍ കല്ലിച്ചു കിടപ്പുണ്ട്.


ഇത്രയും നാള്‍ മതിലിനപ്പുറം

ആരെയോ തേടി നടന്നവ.

വാ പിളര്‍ന്നവ



എന്നുമുണ്ട് കൂടെ. ഉഷ്ണിപ്പിച്ചും മേലാകെ ഉണര്‍ത്തിയും. ഉറഞ്ഞു കോപിച്ചും തുറിച്ചു നോക്കിയും. വാടിത്ത ളര്ന്നും വെറുതെ കാറിക്കരഞ്ഞും. വാക്കുകളൊന്നും പറയാതെ നിന്ന ഒരു പേക്കിനാവിലാവണം തുടക്കം. വിചാരങ്ങളൊന്നും പെയ്യാതെ നിന്ന വരണ്ട രാത്രികളിളവ വീണ്ടും. കാത്തുനില്ക്കാമെന്നു പറഞ്ഞിട്ട് ഓടിക്കളഞ്ഞ ഓര്‍മകളില്‍ അവ പുളിച്ചു തികട്ടിയും. ഇടയ്ക്കിടെ മനം പിരട്ടിയും. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു അതെത്രയോ പ്രാവശ്യം തൊട്ടുവിളിച്ചിരിക്കും. ആരവങ്ങള്‍ക്കിടെ അത് ഒച്ചകളെയെല്ലാം അണച്ച് ഓരോ സ്വകാര്യങ്ങള്‍ ചൊറിഞ്ഞുണര്‍ത്തി നമ്മെ പനിപിടിപ്പിച്ചും. പകലുറക്കത്തില്‍ നൂണ്ടു കയറിവന്നു ഉച്ച വെയിലിലേക്ക്‌ നിര്‍ദ്ദയം പടിയിറക്കിവിട്ടും. എന്നാലും ആ വേതാളച്ചോദ്യങ്ങള്‍ക്കെല്ലാം ഓരോരോ ഉത്തരങ്ങള്‍ നാം മനസ്സിലോര്‍ത്തുവയ്ക്കും, വെറുതെ .

16 November, 2009

ഹൃദയത്തിലെ എഴുത്തുകള്‍


പറഞ്ഞുതീര്‍ത്ത വഴികളെക്കുറിച്ച് ചിലപ്പോള്‍ ചോദിക്കുമായിരിക്കും നമ്മള്‍. കിളികള്‍ക്ക് വലിയ താല്‍പ്പര്യമൊന്നും ഉണ്ടായിരിക്കില്ല എന്നിരിക്കിലും. അവയ്ക്ക് ഒന്നും തന്നെ പറയാനുണ്ടായെന്നു വരില്ല.
പകരമവ ആകാശത്തിന്റെ അടയാളങ്ങളുള്ള ഒരു തൂവല്‍ നമുക്കു തന്നെന്നിരിക്കും. തൂവലോ, ഓര്‍മയ്ക്ക് പുറത്തു ഒരു നനുത്ത ചൊറിച്ചിലായി ആകാശത്തെ നമുക്കു പരിചയപ്പെടുത്തും. അതിന്റെ ആഴങ്ങളില്‍, മേഘങ്ങള്‍ക്ക് കൂട്ടിതുന്നാന്‍ പറ്റാത്ത ഒരു മുറിവിനെ ചൊല്ലി സദാ വേദനിപ്പിച്ചു കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ, മറന്നുതീര്‍ന്ന നേരങ്ങളെക്കുറിച്ചു നാം സ്വയം ചോദ്യങ്ങളൊന്നും ചോദിച്ചെന്നിരിക്കില്ല .

13 November, 2009

ഗൃഹപാഠം


ഉവ്വ് , ഇലകള്‍ തന്നെയാണ് ആദ്യം പറഞ്ഞതും. വിലാസങ്ങള്‍ നാം പോലും അറിയാതെ പൊടുന്നനെ അറ്റു പോവുമ്പോള്‍ നെഞ്ച് അലിയാതങ്ങനെ നില്‍ക്കണം. ആകാശത്തെപ്പോലെ, തലയല്‍പം ഭൂമിയിലേക്ക് താഴ്ത്തിയിരിക്കണം. നിലവിളികള ത്രയും കൊണ്ടുവരുന്ന കാറ്റിന്റെ കൈവിരല്‍ത്തുമ്പില്‍ പിടിച്ചുനില്ക്കണമാദ്യം. പിന്നെയാണ് ചിറകുകള്‍ അഴിച്ചുകളഞ്ഞു ഞരമ്പുകളില്‍ ഉന്മാദം നിറയ്ക്കുക.

ഉവ്വ്, നിഴലുകലെയാണ് ആദ്യമേ തള്ളിപ്പറയേണ്ടതും .

സ്വയംവര


ഒരു മീന്‍മുള്ള് വരയ്ക്കാനാണ് ലോകത്തില്‍ ഏറ്റവും എളുപ്പമെന്നു ചിലപ്പോള്‍ തോന്നിപ്പോവുന്നത് തെറ്റല്ലതാനും. വിലങ്ങനെ വരയൊന്നും കുറുകെ തോന്നുന്നത്രയും എന്നൊരു ലാഘവത്തിലേക്ക് ചിലപ്പോള്‍ ഒരു ചൂണ്ടക്കെണി കൊതിപ്പിച്ചിളകിയെന്നിരിക്കും. കുഞ്ഞു തിരയിളക്കമൊന്നു വന്നു നമ്മുടെ ആലോചനകളെ തൊട്ടുതൊട്ടങ്ങനെ നിന്നെന്നിരിക്കും. മീനുകളുടെ ചെകിളപ്പൂവിലെക്കും തൂവല്‍വാലിലേക്കും നമ്മുടെ ശ്രദ്ധയെ അത് ഒഴുക്കിക്കളയും. മീനുടുപ്പിലേക്കും അതിനടിയിലെ മുള്ളിന്റെ വേലിയിലെക്കും നോക്കാതിരിക്കാന്‍ . വിലങ്ങനേയും കുറുകെയും ഓരോന്ന് വരയുമ്പോഴേക്കും ഒരുപാട് ആധികളത്രയും വന്നു നമ്മെ പൊതിഞ്ഞുനില്‍ക്കുന്നത് ഒരു പക്ഷെ മറ്റാരും അറിയണമെന്ന് തന്നെയില്ല. അപ്പോഴേക്കും ബാക്കി വരകളെക്കുറിച്ച് നമ്മള്‍ തന്നെ ഓര്‍ക്കുന്നുണ്ടാവില്ല . രണ്ടു വരകള്‍ മാത്രമെ ഉള്ളൂവെങ്കിലും , എപ്പോഴും സ്വന്തം ചിത്രം വരയ്ക്കാനാണ് വിഷമം എന്നാവും അപ്പോള്‍ നമ്മള്‍ ആലോചിച്ചുകൂട്ടുക.

11 November, 2009

വാക്കു വിഴുങ്ങി
ജീവിതം വെടിയാന്‍
കാത്തിരുന്ന സുഹൃത്തേ
നിനക്കായി ഒരു
നിഘണ്ടു തരാം
ക്ഷമിക്കുക
ഇല്ല നിനക്കൊരു
കവിത കടം തരാന്‍
കണ്ണീരിനു കവിത
വട്ടിപ്പലിശയ്ക്ക്
കൊടുക്കുന്നത്
നിരോധിച്ചിരിക്കുന്നു

പ്രണയം

നീ മറന്നു വച്ചതോ എന്തോ
ഒരു ഓര്‍മ മാത്രമിവിടെ
ഒടുക്കം അധികം വരുന്നു

Followers