25 March, 2011

രണ്ടിലൊന്ന്


ഉവ്വല്ലോ, ആര്‍ക്കുമെന്നപോലെ
എനിക്കുമുണ്ടല്ലോ
രണ്ടിലൊന്നു തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യമോ അവകാശമോ
എന്തു കുന്തമാണോ അത്.
ഞാന്‍ ചെകുത്താനെ
സ്വീകരിച്ചത് എന്‍റെ
കടല്‍പ്പേടി കൊണ്ടാണെന്നൊക്കെ
പലരും പറഞ്ഞുള്ളില്‍
ചിരിക്കുന്നതൊക്കെ
കാണാഞ്ഞിട്ടൊന്നുമല്ല.
ചെകുത്താനോടത്രമേല്‍
പ്രണയമായിട്ടൊന്നുമല്ല.
കടലിനെപ്പോലെ
മീനിനൊപ്പം നീന്താനൊന്നും
ഏതായാലും പറയില്ല.
കടല്‍ക്കാക്കയെപ്പോലെ
വെറുതേ പറപ്പിക്കില്ല.
രാത്രിക്കുരാത്രി സൂര്യനെ
ഒളിപ്പിക്കുകയുമില്ല.
കരയിലേക്കു ചെന്ന്
ഓരോന്നിനെയൊക്കെ
വലിച്ചടുപ്പിച്ചു
മൂന്നാംപക്കം കൊണ്ടുചെന്നു
വലിച്ചെറിയുകയും മറ്റുമില്ല.
ചെകുത്താന്‍ ഒറ്റവീര്‍പ്പിനങ്ങ്
തീര്‍ത്തേക്കുമല്ലോ.
കുറുനരിക്കും പരുന്തിനുമായി
ഒന്നും ബാക്കി വച്ചേക്കില്ലല്ലോ.
കൂട്ടത്തില്‍ ഒന്നുകൂടി
നേരും നെറിയും
ചെകുത്താനു തന്നെ.

24 March, 2011

തൂത്താല്‍ പോവാത്തവജനിക്കുന്ന സമയം തൊട്ട്
മകന്‍ ഇംഗ്ലീഷില്‍ പറയാന്‍
ഒരു മദാമ്മയെത്തന്നെയങ്ങു കെട്ടി.
അവള്‍ക്കു സദാ കൂട്ടിനൊരു
സായിപ്പിനേയും വച്ചു.

എന്നിട്ടും പറഞ്ഞില്ലെങ്കില്‍
പിന്നെയവന്‍ മലയാളം തന്നെ
പറഞ്ഞുതുലയട്ടെ.
കുഞ്ഞുണ്ണിമാഷെന്ന്
തന്നെ പേരുമിട്ടേക്കാം.
അല്ല പിന്നെ.

23 March, 2011

തൊട്ടതിനും പിടിച്ചതിനും


ഇന്നെന്തോ രാവിലെ മുതല്‍
ഞാനത്ര ശരിയല്ല.
രാവിലെ കുറേ നേരം
നരിയായി മുരണ്ടും മൂളിയും
ഒരു കിളുന്തു മാന്‍പേടയെ
മരണത്തെക്കാട്ടി വിറപ്പിച്ച്
വെറുതേ കിതപ്പിച്ചും കൊതിപ്പിച്ചും.
എന്നാലോ അതിന്‍റെ
ശ്വാസത്തെ തിരിച്ചുകൊടുക്കുകയും
ചെയ്തു, ഒരു കാര്യവുമില്ലാതെ.

ഉച്ചയ്ക്കുണ്ടല്ലോ, നന്ദി
കാണിക്കാന്‍ വേണ്ടി,
അതിനുമാത്രം വേണ്ടി
കുറെ ഉണ്ണുകയും ചെയ്തു.
ഉണ്ട ചോറിനുണ്ടല്ലോ
കാണിക്കാനതിന്‍റെ കൂറ്.
എന്നിട്ട്, ഉച്ചമയക്കത്തിനിടെ
ഓരോരവളുമാരെ
വെറുതേ ഉണര്‍ത്തിയും ഉറക്കിയും.
അവരുടെ ഉച്ചയുറക്കം
തല്ലിക്കൊഴിച്ചുകളയുമ്പോള്‍ ,
അവളുമാരുടെ ഉടലില്‍ നിന്നു
കടുവയേയും കാട്ടുപോത്തിനെയും
അഴിച്ചുകെട്ടുമ്പോള്‍ , ‍
ഉണ്ടാവുമല്ലോ
അതിഗൂഢമൊരു
കറുത്ത പരിഹാസം.

വൈകീട്ടത്തെ പരിപാടിക്കിടെ
അനുസരണയില്ലാത്ത
കുറെ ഗ്ലാസുകളെയുണ്ടല്ലോ
ചെവിക്കുപിടിച്ചു പുറത്താക്കി.
ഇനിയീ പരിസരത്തുകണ്ടാല്‍
വെള്ളമൊഴിച്ചു മുക്കുമെന്നു
ഭീഷണിപ്പെടുത്തി.
അപ്പോള്‍ അവറ്റകളുടെ
മുഖത്തെ പേടിയൊന്നു കാണണം.
പേടിത്തൂറികളെന്നു പറഞ്ഞ്
വാതില്‍ ശക്തിയായി
കൊട്ടിയടച്ചത്
വാതിലിനോടുമുള്ളൊരു
മുന്നറിയിപ്പാണേ.

എല്ലാം കഴിഞ്ഞു കിടക്കാന്‍ നേരം
നിലവാടയഴിച്ചുകളഞ്ഞ
രാത്രിയുണ്ടോ
ഉറങ്ങാന്‍ വിടുന്നു,
സ്വസ്ഥമായി.
പാട്ടുകച്ചേരിക്കുള്ളവരെല്ലാം
പുറത്തുകാത്തുനില്‍ക്കുന്നു,
കുറെ കൂവിയാര്‍ത്തിട്ടേ
തീര്‍ന്നുള്ളൂ ജുഗല്‍ബന്ദി.

ഈ കിടക്കയ്ക്കുണ്ട്
രാത്രിയില്‍ രാത്രിയില്‍
ഓരോ അവളുമാരെ
വെറുതേ ഓര്‍മിപ്പിക്കാന്‍ .
എല്ലാത്തിനേയും
പടിയടച്ചു പിണ്ഡം വച്ച്
കഴിഞ്ഞപ്പോഴേക്കുമുണ്ടല്ലോ
നേരം പരപരാ വെളുത്തിരിക്കുന്നു.
പാലുമായി വന്ന പശു
ഗേറ്റില്‍ അമറിക്കൊണ്ടിരിക്കുന്നു.
ഓരോരോ വാര്‍ത്തകള്‍ വന്നു
തുരുതുരാ
സൈക്കിള്‍ ബെല്ലടിക്കുന്നു.

22 March, 2011

ഫേക്ബുക്ക്
ഇവള്‍ വിലാസിനി.
എന്‍റെ മനസ്വിനി.
പനക്കാട് സ്വദേശിനി.
കന്പം ഫെഡറിക്കോ ഫെല്ലിനി.
വേറൊന്നും പറയാനില്ലിനി.

പ്രൊഫൈല്‍ ഫോട്ടോ പറ്റില്ല.
പടം ക്യാമറയില്‍ പതിയില്ല.
നെറ്റിലൊന്നും കിട്ടില്ല.
ഫേസ്ബുക്കില്‍ കാണില്ല.
നേരിട്ടുതന്നെ കാണില്ല.
എന്നാല്‍ ആകാശത്ത്
മൊബൈലിനുണ്ടല്ലോ
നല്ല റേഞ്ചാ.

കൊഞ്ചിക്കുഴഞ്ഞങ്ങനെ
ചുണ്ണാമ്പുണ്ടോ
എന്നു കേള്‍ക്കുമ്പോള്‍
ആരും ലൈക്ക് അടിച്ചുപോകും.
കമന്‍റിടാന്‍ എന്തെങ്കിലും
ബാക്കിവച്ചിട്ടു വേണമല്ലോ. .
പരിണാമഗുസ്തി


അടപ്പില്ലാത്ത ഓരോ
പാത്രങ്ങളുണ്ട്‌
എന്നതാണ്
പ്രശ്നങ്ങളത്രയും.
പാത്രമുണ്ടാക്കുമ്പോള്‍
അടപ്പുമുണ്ടാക്കണമെന്ന്
ആരോ മറന്നുപോയതാവണം.
ഈ ഉണ്ടാക്കികളുടെ
മറവിയെപ്പറ്റി
ആരോടാണിനിയും
പരാതി പറയേണ്ടത്.
പറഞ്ഞുപറഞ്ഞു മടുത്തു.
ഞാനിനിയും പരാതിയൊന്നും
പറയുന്നില്ലങ്ങു വെച്ചു.
എന്തെങ്കിലുമുണ്ടാക്കുമ്പോള്‍
ഓര്‍ക്കാതെ പോകുന്നത്
ഇനി മനപ്പൂര്‍വമാണോ എന്തോ.
അതെ, ഈ കവിത
ഉണ്ടാക്കിയപ്പോള്‍
ഞാനുമെന്തോ മറന്നല്ലോ.
പറഞ്ഞതുപോലെ.
ചിലപ്പോള്‍ ചില പാത്രങ്ങള്‍
അങ്ങനെയാവാനും മതി.
ഈ കവിതയെപ്പോലെ.
ഓരോന്നിന്റെയൊക്കെ
ഓരോ കാര്യങ്ങളേ.
ശരീരനിഘണ്ടുഓരോന്നിനും ഓരോ അര്‍ഥം
വെറുതേ കല്‍പ്പിച്ചുകൂട്ടി
ഉണ്ടാക്കുന്നതാണെന്ന.
മുഖം കറുപ്പിക്കുന്നതിനൊന്ന്,
കോക്രി കാണിക്കുന്നതിനു മറ്റൊന്ന്.
കൊഞ്ഞനം കുത്തുന്നതിനും
കണ്ണിറുക്കുന്നതിനും
തുണി പൊക്കുന്നതിനും
ചൂളം വിളിക്കുന്നതിനുമൊക്കെ.
പെണ്ണൊന്നു കാല്‍നഖം
കൊണ്ടൊരു വരവരച്ചാല്‍
അതിനുമുണ്ടേ എന്തെങ്കിലും
ലജ്ജ പുരണ്ടൊരു ദ്വയാര്‍ഥം.

വിരലൊന്നുമടക്കി
നീട്ടിക്കാണിച്ചാല്‍
അപ്പോഴേക്കുമൊരു
നിഘണ്ടു മനസില്‍
തുറന്നുപിടിച്ചുകഴിഞ്ഞിരിക്കും.
തോളുയര്‍ത്തിയാല്‍ ,
കോട്ടുവായിട്ടാല്‍ ,
കണ്ണടഞ്ഞുപോയാല്‍ ,
കാതുപൊത്തിപ്പോയാല്‍ ,
മൂക്കൊന്നു വിയര്‍ത്തുപോയാല്‍ ....
വന്നുവന്നിപ്പോള്‍
ശരീരമനക്കാനേ
വയ്യെന്നായെന്നാരെങ്കിലും
പറഞ്ഞാലവരെ
ചാടിക്കടിക്കാനൊന്നും
പറഞ്ഞേക്കരുതെന്നേ
എനിക്കു പറയാനുള്ളൂ.

21 March, 2011

ആകാശമെന്നു വിളിക്കുന്നതിനെഅവരവരുടെ വര്‍ത്തുള
ഭ്രമണപഥങ്ങളില്‍
നമ്മള്‍ ഏറ്റവും
അടുത്തുവരുന്ന
ഓര്‍മനാളായിരുന്നു ഇന്നലെ.
വിരലുകള്‍ കൊണ്ടു
തൊടാമായിരുന്ന
അത്രയുമടുത്ത്.
ഉടലുകള്‍ കൊണ്ട്
അറിയാമായിരുന്ന
അത്രയുമടുത്ത്.
ഒരു ശ്വാസംകൊണ്ടു
തൊട്ടെടുക്കാമായിരുന്നു
മറ്റൊന്നിനെ.
ഒരു ചുംബനം കൊണ്ട്
പൊതിഞ്ഞെടുക്കാമായിരുന്നു
ഭ്രമണവേഗത്തെയപ്പാടെ.
തൊട്ടടുത്ത നിമിഷം
ദുരൂഹലക്ഷ്യത്തിലേക്ക്
തെന്നിമാറുമെന്ന്
അറിയാമായിരുന്നിട്ടും.
തൊട്ടടുത്ത നിമിഷം
വിഭ്രമവേഗത്തിലേക്ക്
സ്വയമെടുത്തെറിയുമെന്ന്
അറിയാമായിരുന്നിട്ടും.
നിന്നില്‍ ഇടിച്ചിറങ്ങിയ
ഒരു കൊള്ളിയാന്‍
എന്നെയാണ്
ചുട്ടുപൊള്ളിച്ചതത്രയും.
ആകാശത്തെ നമ്മള്‍
അത്രമേല്‍
വെറുക്കുന്നതെന്താവാം.

20 March, 2011

അപശബ്ദതാരാവലിപറഞ്ഞുകഴിഞ്ഞപ്പോള്‍ ശരിയാണേ.
വറുതിയും പട്ടിണിയും
കണ്ടകശ്ശനി പോലെയാ.
കൊണ്ടേ പോകുവത്രെ. നേരാ,
അതു മുഖത്തെഴുതിവച്ചിട്ടുണ്ട്.
ഒറീസയിലേയോ ബീഹാറിലേയോ
ഏതോ സ്ഥലത്തിന്‍റെ പേരു പറഞ്ഞു.
ആര്‍ക്കാ അതൊക്കെയിപ്പോള്‍
ഓര്‍ക്കാനുണ്ട് നേരമെന്നേ.
വെള്ളപ്പൊക്കമോ വരള്‍ച്ചയോ
എന്തോ സംഭവിച്ചുവെന്നുറപ്പാ.
മാരണങ്ങള്‍ വന്ന പാടെ
ഒളിച്ചുപോരികയായിരുന്നു.
കിട്ടിയ കിടക്കയും
കുടുക്കയും കൊണ്ട്.
പല്ലെന്തെങ്കിലും കടിച്ചിട്ട്
ദിവസം അഞ്ചുപത്തായി.
നാവെന്തെങ്കിലും രുചിച്ചിട്ട്
കാലമെത്രയോ ആയി.
ഒട്ടിയ വയറുകള്‍
ശബ്ദതാരാവലിയിലേക്ക്
ഇടയ്ക്കിടെ പാളിനോക്കുന്നത്
എന്തിനാവും ആവോ?.
ആശാനുമൊക്കെയുള്ള കാലത്താണേ,
ശബ്ദം കൊണ്ടുള്ള
കളിയും ചിരിയും കാര്യവുമെന്നൊക്കെ
പറഞ്ഞപ്പോള്‍
തലയാട്ടിയതാണല്ലോ,
നമ്മുടെ ഭാഷ വല്ലോം
പിടികിട്ടുന്നുണ്ടാകുമോ?.
വിശപ്പുണക്കുന്ന ,
തടിച്ചുകൊഴുത്ത ,
എണ്ണയില്‍ മൊരിഞ്ഞ ,
പോഷകങ്ങള്‍ നിറഞ്ഞ ,
ദുര്‍മേദസുള്ള ,
അംഗവടിവുള്ള ,
വാലിട്ടുകണ്ണെഴുതിയ,
കാക്കത്തൊള്ളായിരം
വാക്കുകളുണ്ടതില്‍
എന്നു പറഞ്ഞതു
മനസിലായിട്ടുണ്ടാവണം.
നീട്ടിയ കടലാസിലെ ഒപ്പ്
വില്ലേജ് ഓഫിസറുടേതാണോ
ഹെഡ്ഡങ്ങത്തേയുടേതാണോ
എന്നു പാളിനോക്കിയപ്പോഴാണേ രസം,
ഒരു വിരലടയാളം പോലുമില്ല.
വല്ലാത്ത ഭാഷ തന്നെ,
അതല്ല ഞെട്ടിച്ചത്.
അതൊരു കവിതയായിരുന്നു.
ശബ്ദതാരാവലിക്കകത്തു നിന്നു
തന്നെയാവും ആ ശബ്ദവും.
അല്ലാതെ വേറെ ശബ്ദം എവിടിരിക്കുന്നു?.
എന്തൊക്കെയോ ഇടിഞ്ഞുവീഴുന്നതു പോലെ,
എവിടെയോ എല്ലാം തകരുന്നതു പോലെ.
ആരോ സ്വയം വലിച്ചെറിയുന്നതു പോലെ.

18 March, 2011

ഒരു ജനാലയെന്ന പോലെഭൂമിയെയിങ്ങനെ
ഉരുട്ടിയെടുക്കണമെന്നും
ഈ ആകാശത്തെ
വീശിപ്പറത്തി
വിരിക്കണമെന്നും
രാത്രിയെ കറുപ്പിച്ചു
വരയ്ക്കണമെന്നും
ഓരോ നാട്ടുനടപ്പുകള്‍ .

‘അ’ അമ്മയെപ്പോലെ
ഉരുണ്ടിരിക്കണമെന്നും
‘ ആ ’ ആനയെപ്പോലെ
തുമ്പി നീട്ടണമെന്നും
ഓരോ എഴുത്തുനിയമങ്ങള്‍ .

കിളി പറക്കണമെന്നും
മീന്‍ നീന്തണമെന്നും
പുഴു ഇഴയണമെന്നും
പുല്‍ച്ചാടി ചാടണമെന്നും
ആമ മുടന്തണമെന്നും
ഓരോ കളിനിയമങ്ങള്‍ .

വെറുതെയല്ല, നേരമിന്നിത്രയും
പുലര്‍ന്നിട്ടും ഓരോരോ നിലവിളികള്‍
ഉറക്കംവരാതെ അകത്തും പുറത്തും
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്.
ഓരോന്നുറങ്ങിക്കഴിഞ്ഞു വേണം
സമയം ബാക്കിയുണ്ടെങ്കില്‍
മീനായി പറക്കാനും
കിളിയായി നീന്താനും
ഇഴച്ചില്‍ മറന്നു പുഴുവായി
പുല്‍ത്തുമ്പത്ത് ചാടാനും.
ജനാലകള്‍ അടച്ചിടാന്‍
മാത്രമുള്ളതല്ലെന്നു
അതിന്‍റെ നിര്‍മിതി
കണ്ടാലേ അറിയാം.
കളിഭ്രാന്ത്ഭൂമിയെയിങ്ങനെ
ഉരുട്ടിയെടുക്കണമെന്നും
ഈ ആകാശത്തെ
വീശിപ്പറത്തി
വിരിക്കണമെന്നും
രാത്രിയെ കറുപ്പിച്ചു
വരയ്ക്കണമെന്നും
ഓരോ നാട്ടുനടപ്പുകള്‍ .

‘അ’ അമ്മയെപ്പോലെ
ഉരുണ്ടിരിക്കണമെന്നും
‘ ആ ’ ആനയെപ്പോലെ
തുമ്പി നീട്ടണമെന്നും
ഓരോ എഴുത്തുനിയമങ്ങള്‍ .

കിളി പറക്കണമെന്നും
മീന്‍ നീന്തണമെന്നും
പുഴു ഇഴയണമെന്നും
പുല്‍ച്ചാടി ചാടണമെന്നും
ആമ മുടന്തണമെന്നും
ഓരോ കളിനിയമങ്ങള്‍ .

വെറുതെയല്ല, നേരമിന്നിത്രയും
പുലര്‍ന്നിട്ടും ഓരോരോ നിലവിളികള്‍
ഉറക്കംവരാതെ അകത്തും പുറത്തും
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്.
ഓരോന്നുറങ്ങിക്കഴിഞ്ഞു വേണം
മീനായി പറക്കാനും
കിളിയായി നീന്താനും
പുഴുവായി പുല്‍ത്തുമ്പത്ത് ചാടാനും.

16 March, 2011

മറഞ്ഞിരിപ്പത്

ഒരു കുന്തമുണ്ടായിരുന്നത്
കളഞ്ഞുപോയി അതിനിടെ.
പല പല കാര്യങ്ങളായിരുന്നെന്നേ.
അതിരില്‍ മണ്ണില്‍
മടവീഴ്ത്തിത്തുടങ്ങിയ
അവളുടെ ആ ചക്കരത്തേന്‍
വരിക്കപ്ലാവിന്‍റെ
നീണ്ടുവരുന്ന വിരലുകളുടെ
അറ്റത്ത് ഇത്തിരിയെങ്കിലും
രസം വച്ചൊന്നു
കരിച്ചുനോക്കുകയെങ്കിലും വേണ്ടേ.
അയയില്‍ തോരാനിട്ട
പകലിനെ പേരിനെങ്കിലും
ഒന്നുകുടഞ്ഞു മടക്കിവയ്ക്കണ്ടേ.
ഇപ്പുറത്തേക്കു നീളുന്ന
അവളുടെ കരിങ്കണ്ണുകളെ
കല്ലെടുത്തെറിഞ്ഞ്
ആട്ടിപ്പായിക്കണം.
ചിലതുണ്ട് കല്ലെത്രയെറിഞ്ഞാലും
പിന്നെയും ചാഞ്ഞും ചെരിഞ്ഞും നോട്ടം.
അപ്പുറത്തുനിന്നു കാക്കയും കുരുവിയും
കൊണ്ടിടുന്ന പലതരം
വിത്തുകളുണ്ട്.
നോക്കിനില്‍ക്കുന്ന നേരം മതി
നെഞ്ചിലോട്ടും മറ്റും
പടര്‍ന്നങ്ങു കയറാനായിട്ട്.
അതുങ്ങടെയൊക്കെ
കൂമ്പും തളിരുമൊക്കെ
സമയാസമയത്ത്
ഒടിച്ചുകളയാന്‍ വേറാരിരിക്കുന്നു.
ഇതിനിടയിലെപ്പോഴാണ്
ആകെയുണ്ടായിരുന്ന നശിച്ച കുന്തം
കാണാതായതെന്നാര്‍ക്കറിയാം.
തപ്പാമെന്നുവച്ചും നോക്കിയപ്പോള്‍
ആ കുടവും ഇരുന്നിടത്ത് നിന്ന്
എഴുന്നേറ്റുപോയിരിക്കുന്നു.
കണ്ടുപോയാല്‍ ഒന്നും രണ്ടും
പറഞ്ഞ് എന്തായിരുന്നു
ഉണ്ടാക്കുമായിരുന്ന പുകിലൊക്കെ.
ഒന്നിച്ച് ഒളിച്ചുപോയതാവാനും മതി.
ഒന്നിനൊന്നിനെ തപ്പേണ്ടവയൊക്കെ
ഒന്നിച്ചൊളിച്ചുപോയാല്‍
അവിടന്നുമിവിടന്നും ഇതൊക്കെ
തപ്പിയെടുക്കേണ്ടവര്‍
ചുറ്റിപ്പോവത്തേയുള്ളൂ.
അതൊന്നും വേണ്ടാത്ത
ബാക്കിയുള്ളവര്‍ക്ക് വകയായി,
ഓരോന്നോരോന്നു പറയാനും
നിറഞ്ഞുചിരിക്കാനും.

14 March, 2011

പൂര്‍ണമിദംഇതാണിപ്പോള്‍ ഒന്നും
മനസ്സിലാവാത്തത്.
രാത്രിക്കൊപ്പം പൊട്ടിവീണ
കുപ്പിവളത്തുണ്ടുകള്‍
ചേര്‍ത്തുവെച്ചപ്പോഴുണ്ട്
അതിനു രാത്രിയേക്കാള്‍ വലിപ്പം.
കിടക്കയില്‍ നിറഞ്ഞുകവിഞ്ഞ്‌
വളഞ്ഞു നിറഞ്ഞങ്ങനെ
പകലിലേക്കും
പടര്‍ന്നുകിടക്കുന്നു.
അതിനിടയില്‍ പകലുണ്ട്
മുഖമൊളിപ്പിച്ചങ്ങനെ.

അവളുടെ കണ്ണൊന്നു
നിറഞ്ഞപ്പോള്‍
ഈ കടലത്രയും
അഴിഞ്ഞുലഞ്ഞു
നിറഞ്ഞതെങ്ങനെയാവും.

മനസ്സൊന്നു തുറന്നപ്പോഴുണ്ട്
ഈ ഈരേഴുലകിലും
ഇക്കാണാത്തതൊക്കെയും
അവളിത്രയും കാലം
ഒളിപ്പിച്ചുവച്ചത്
എന്തിനു വേണ്ടിയാവും?.

12 March, 2011മാറാട്ടം

എന്നാലും, കടുവയെന്നൊക്കെ
പറയുമെങ്കിലും
കാടടക്കി കാല്‍ക്കീഴില്‍
ചവിട്ടിനടക്കുമെന്നൊക്കെ
വിചാരിക്കുന്നെങ്കിലും
നമുക്ക് മേലുടുപ്പുകള്‍
പരസ്പരം വെച്ചുമാറാം
എന്ന് പറയാനെങ്ങനെ
തോന്നിയതെങ്ങനെ നിനക്ക്.
ഇരയെ ഓടിച്ചുപിടിച്ചു
അതിന്‍റെ ജീവനില്‍
നഖമാഴ്ത്താ‍നൊന്നും
താല്പര്യമില്ലെനിക്കിപ്പോഴും.
ഇണയുടെ കഴുത്തില്‍
കടിച്ചിറുക്കി
അലറിക്കിതച്ചൊരു
മൃഗഭോഗവും വയ്യെനിക്ക്‌.
കാട്ടിലെ തണ്ണീര്‍ച്ചോലയില്‍
എനിക്കവളുടെ മുഖം കാണണം.
ഒരു പൂമ്പാറ്റച്ചിറകില്‍
അവളെ പറപ്പിക്കണം.
ഒരു പൂക്കാടവളുടെ
ഉടലില്‍ പൂക്കണം.
ഞാനിവിടെ ഇപ്പോഴത്തെപ്പോലെ,
എപ്പോഴത്തെയും പോലെ
അങ്ങ് കൂടിക്കൊള്ളാമെന്നിരിക്കെ,
ഇന്നാളൊരു പുലിയും പൂച്ചയും
ഇതേ ചോദ്യവുമായി വന്നു.
എന്താ എല്ലാ ചോദ്യങ്ങളും
എന്നോട് മാത്രമെന്നു
അപ്പോഴൊക്കെയും
വെറുതെ ഓര്‍ത്തുകാണും.
ഇനിയിവിടെ ബാക്കി
ഞാന്‍ മാത്രമേയുള്ളൂ
എന്നുണ്ടോ, ആവോ.

11 March, 2011

അടുപ്പുകല്ല്


ഇക്കുറി വിരുന്നുമുറിയും
കിട്ടിയേ തീരൂ
എന്നവള്‍ വാശിപിടിക്കാമോ?.
അടുക്കളയും ഊണുമുറി
മണ്ഡലവും നല്‍കാമെന്നു
പറഞ്ഞപ്പോഴാ
അവളുടെ രാഷ്ട്രീയം
ശരിക്കും ഒന്നു കാണേണ്ടത്.
അതൊക്കെയും സംവരണ
മണ്ഡലമാണെന്ന്.
അതിലൊന്നും തൊട്ടുകളിക്കേണ്ടെന്ന്.
അപ്പോള്‍ കിടപ്പുമുറിയോ
എന്നൊരു തറുതല
ചോദിക്കാതിരുന്നില്ല.
അവിടെ മത്സരിക്കുമെന്ന് അവള്‍.
മത്സരിക്കട്ടെ എന്നും ഞാനും
വച്ചു. പെട്ടിയില്‍ എത്ര വീഴും
എന്നൊന്നറിയാമല്ലോ.
അവസാനം നോക്കുമ്പോഴുണ്ട്‌
എനിക്ക് പൂമുഖവും
അടുക്കളച്ചായ്പ്പും
പണ്ടപ്പച്ചനുണ്ടായിരുന്നപ്പോഴത്തെ
കുഴമ്പ് മണക്കുന്ന
നടുമുറ്റവും തൊടിയിലെ
കുളിമുറിയും മാത്രം.
ചര്‍ച്ച ഇന്നു രാത്രിയിലുമുണ്ട്
എന്നൊരു ആശ്വാസം മാത്രമേയുള്ളൂ.
പിന്തുണ വല്ലതും പിന്‍വലിച്ചാല്‍
മറ്റൊരു കൂട്ടുകക്ഷിയെ
കണ്ടുവെച്ചിട്ടുണ്ട് ഞാന്‍.
അവളുടെ മനസ്സിലിരുപ്പ്
എന്താണെന്ന് മാത്രം
സൂചനയൊന്നുമില്ല.
കുറുമുന്നണിയോ മറ്റോ.
ഏതായാലും,
അടുപ്പിലേക്കൊന്നു
കയറി നോക്കട്ടെ.

09 March, 2011

വീട് പണിയുന്നവന്‍
ഇതാ ഇപ്പോള്‍ നിന്‍റെ
ഈ വീട്ടില്‍.
നിന്‍റെ പൊക്കിള്‍ച്ചുഴിയെ
വലംവച്ചു നില്‍ക്കുന്ന
വ്യാളിയുടെ പച്ച കുത്ത്
എന്നെ തുറിച്ചുനോക്കുന്നതില്‍
എനിക്കൊട്ടുമില്ല പേടി.
ഇതെന്‍റെയും വീട്.
വീടെന്നു പറയാന്‍
എനിക്കുള്ളത് ഈ
ഉടല്‍ വീടുകള്‍.
എന്‍റെ, നിന്‍റെ
എന്നൊക്കെ വെറും
അലങ്കാരങ്ങള്‍.

നിന്‍റെ മലയടിവാരത്ത്
ഞാനെന്‍റെ വീടു പണിയും.
ദൂരെ കാണാം വ്യാളിയും കടന്ന്
മന്ദമൊഴുകി വരുന്നു
ഒരു നീര്‍ച്ചോല.
നീര്‍ച്ചോല നീന്തിച്ചെല്ലുന്നത്
മാടിമാടി വിളിക്കുന്ന
കടലിരമ്പങ്ങള്‍.
അവിടെ കൊച്ചുകൊച്ചു
കടലാസ് തോണികളിറക്കണം.
ആകെ നനഞ്ഞുകുതിര്‍ന്നു
കൊടുങ്കാറ്റില്‍ തകര്‍ന്ന്
അവയൊരിക്കലും തുറമുഖം വിടില്ല.
നങ്കൂരങ്ങളെ അപ്പാടെ കടപുഴക്കി
അനസ്യൂതം നീങ്ങുന്ന അടിയൊഴുക്ക്.
വീട്ടിലേക്ക് എന്നും വീശിയടിക്കുന്ന
കാറ്റിനു നിന്‍റെ
ഉച്ഛ്വാസത്തിന്‍റെ കരിപുരണ്ട
മണമായിരിക്കുമെന്ന്
ഇടയ്ക്കിടെ ഞാനാലോചിച്ചു പോകുന്നു.

എന്നാണു നീ നിന്‍റെ വീട്ടിലേക്ക്
തിരിച്ചുപോകുന്നതെന്നാണു
വ്യാളിയുടെ ചോദ്യം
ഞാനെപ്പോഴും
ഉത്തരമില്ലാതെ മടക്കുന്നു.
എനിക്കെവിടെയും വീടില്ല.
അല്ലെങ്കില്‍ എല്ലാം
എന്‍റെ വീടു തന്നെ.
എനിക്കു സ്വന്തമായുള്ളത്
ഉടല്‍വീടുകളെന്ന്
നീ കളിയായി ഓര്‍മിപ്പിക്കും.
ശരിയാണ്, നീ നിന്‍റെ
ഉടല്‍ വീടിനെ
എനിക്കു മാത്രമായെങ്ങനെ
തീറെഴുതിത്തരും.
അതും എന്നെപ്പോലൊരു
നാടോടിക്ക്.
എന്നെപ്പോലൊരു
കപ്പലോട്ടിക്ക്.
ഞാന്‍ ചക്രവാളത്തിന്‍റെ
കണ്ണില്‍ക്കണ്ണില്‍
നോക്കിയിട്ടുണ്ട്.
ഉപ്പുകാറ്റേറ്റ് എന്‍റെ
തൊലി വരണ്ടുപൊട്ടിയിരിക്കുന്നു.
കരള്‍ വിണ്ടിരിക്കുന്നു.
കണ്ണുകളില്‍ തിമിരത്തിന്‍റെ
കപ്പലോട്ടം കഴിഞ്ഞിരിക്കുന്നു.

ആരാണ് നിനക്ക് ഈ വ്യാളിയെ
പച്ചകുത്തിത്തന്നതെന്നു
ഞാന്‍ ചോദിക്കുമെന്നു
മനക്കോട്ട കെട്ടേണ്ട
വെറുതേ നീ. എന്നിട്ട്
ഉത്തരങ്ങള്‍ കൊണ്ടെന്‍റെ
കാമം കത്തിക്കാമെന്നും.
ആ ചിത്രകാരന്‍
ഞാനായിരുന്നെങ്കില്‍
എന്നു മാത്രമാണെനിക്ക്.
എങ്കില്‍ ഞാന്‍ വ്യാളിയെ
പച്ചകുത്തില്ല, കാരണം
എനിക്കതിനെ വരക്കാനറിയില്ല.
പകരം, ഞാനൊരു
വീടിന്‍റെ ചിത്രം
പച്ചകുത്തിയേനെ.
വീടു വരയ്ക്കാനേ എനിക്കറിയൂ.
നിന്‍റെ തൊലിപ്പുറത്തു
പറ്റിക്കിടക്കുന്ന വീട്.
ഒരിക്കലും തൊലിപ്പുറത്തുനിന്ന്
എഴുന്നേറ്റുനില്‍ക്കാത്തത്.
ചുവരും ജനാലകളും
മുളച്ചുവരാത്തത്.
ഓടാമ്പലും താക്കോല്‍പ്പഴുതും
ഉപേക്ഷിച്ചുപോയത്.
നോക്കുമ്പോഴെനിക്ക് കാണണം
എന്നും മലകള്‍ക്കിടയിലൂടെ
നീ ഉദിച്ചുവരുന്നത്.
ഞാനൊഴുക്കിക്കൊണ്ടുവന്ന
എന്‍റെ കടലാസ് കപ്പലും
കാണണം. ഒരു നാള്‍
ഈ വ്യാളിയെയും കൊണ്ട്
ഞാന്‍ കടലുകള്‍ കടക്കും.
അപ്പോഴേക്കും
തുറമുഖത്തെയപ്പാടെ
നിന്‍റെ കടലെടുക്കട്ടെ.

08 March, 2011

എക്കാലത്തെയും പൂമരംഇതാ ഇവിടെയായിരുന്നു.
നിറയെ പൂത്തിരുന്ന ആ മരം.
അതെക്കാലവും പൂത്തുനില്‍ക്കുമെന്ന്
വ്യാമോഹിച്ച കാലമുണ്ടായിരുന്നു
എന്ന് ഇപ്പോഴും ഓര്‍ക്കുന്നത്
എന്തു കൊണ്ടെന്നാല്‍:

നിലാവു പൂത്തിറങ്ങുന്ന
രാത്രിയിലതു
വെളുത്ത പൂക്കളുമായി
രാത്രി മുഴുവന്‍ കാവല്‍ നിന്നിരുന്നു.
ഈ രാത്രി ഒരിക്കലും
അണയില്ലെന്നു വെറുതെ
കൊതിപ്പിച്ചുകൊണ്ടിരുന്നു.
നമ്മള്‍ വെളുത്ത പൂക്കണ്ണില്‍
നോക്കി രാവിനോട്
എന്തൊക്കെയാ പറഞ്ഞിരുന്നതെന്ന്
ഇപ്പോള്‍ നമുക്ക്
ഓര്‍ത്തെടുക്കാനാവുന്നുമില്ല.
പറഞ്ഞതൊക്കെ അത്രയും
അയഥാര്‍ഥമായിരുന്നു.
നമ്മള്‍ എക്കാലവുമിങ്ങനെ
പ്രണയിച്ചുകൊണ്ടിരിക്കും
എന്നത് എത്ര
അകാല്‍പ്പനികവും
ആഢംബരവുമായിരുന്നു.
അന്നു രാത്രിക്കപ്പുറം
ഏതോ കുഞ്ഞ് വിശന്നുകരഞ്ഞത്
എത്ര ലാഘവത്തോടെയാണ്
നമ്മള്‍ കേള്‍ക്കാതിരുന്നത്.

കുയിലുകള്‍ വന്നു പകലിനെ
കൂകിയുണര്‍ത്തിയ കാലത്ത്
ഈ മരം മുഴുക്കെ
ചുവന്നു പൂത്തിറങ്ങിയിരുന്നു.
അതിനു കീഴില്‍ നിന്നു
നിനക്കും മുഖത്ത്
അരുണിമ പടര്‍ന്നിരുന്നു.
ഒരു ചുവന്ന പൂമ്പൊടി
നിന്‍റെ മാറില്‍ നിന്നു
ഞാന്‍ തൊട്ടെടുത്തപ്പോള്‍
നീ മറ്റൊരു ചുവന്ന പൂവായി.
പകലിനു പുറത്തു
ചോര പൊടിഞ്ഞതൊക്കെയും
എത്ര ലാഘവത്തോടെയാണ്
നമ്മള്‍ കാണാന്‍ മടിച്ചിരുന്നത്.
പൂക്കണ്ണില്‍ നിന്നോരോ
ചുവന്ന നോട്ടത്തെ
നോക്കാതിരിക്കാന്‍
അപ്പോഴേക്കും നമ്മളെത്ര
വിദഗ്ദ്ധമായി പഠിച്ചിരുന്നു.

വെയില്‍ കത്തിയ കാലത്ത്
മരം മഞ്ഞപ്പൂക്കളായി
പെയ്തിറങ്ങുമെന്ന്
നമുക്കറിയാമായിരുന്നു.
നമ്മുടെ മഞ്ഞപ്പൂക്കാലമെന്നു
പ്രണയിച്ച് നമ്മള്‍ പരസ്പരം
ഒറ്റുകൊടുക്കുകയായിരുന്നില്ല.
മറിച്ച്, പരസ്പരം
ഓടിയകലുകയായിരുന്നു.
പരസ്പരം മറക്കുകയായിരുന്നു.
പരസ്പരം മറച്ചുപിടിക്കുകയായിരുന്നു.

ഒരു മരത്തിനും എക്കാലവും
എന്നത്തേയും പോലെ
പൂത്തുനില്‍ക്കാനാവില്ലെന്നു
പരസ്പരം ഓര്‍മിച്ചതും
അതിനും പിന്നീടെപ്പോഴോ.
ഇതാ ഇവിടെയായിരുന്നു.
നിറയെ പൂത്തിരുന്ന ആ മരം.
ഹൃദയത്തിലെവിടെയോ
തൊട്ട് അതിപ്പോള്‍
നമ്മള്‍ ഓര്‍ക്കാന്‍
ശ്രമിക്കുകയായിരുന്നിരിക്കണം.
അതിനെക്കുറിച്ച്
ഇപ്പോഴോര്‍ത്തതും
മറ്റൊന്നും കൊണ്ടായിരിക്കില്ല.

07 March, 2011

ആ മീന്മുള്ള് ഉടയ്ക്കാതെ
മാറ്റി വച്ചേക്കുക.
എനിക്കിനിയും
ഒരു മീനായി
നീന്തേണ്ടതുണ്ട്.
ഓര്‍മയിലെ ആ ഒരു
തുള്ളി വെള്ളവും
ബാക്കിവച്ചേക്കണം.
അതിനെയൊരു കടലായി
നീട്ടിയൊഴിച്ചു
പരത്തേണ്ടതുണ്ട്.

Followers

Blog Archive