08 December, 2009

സ്ത്രീയേ, ഞാനും നീയും തമ്മിലെന്ത് ?

കത്തുന്ന കടല്‍ക്കാറ്റും
ഉയരങ്ങള്‍ തെന്നുന്ന
ആകാശപ്പറവയും
പങ്കുവയ്ക്കുന്നത്
പാതിയും കടല്‍ തിന്ന
ഒരു മരക്കപ്പലിനെ.
അതിന്‍റെ പാതിയും ദ്രവിച്ച
പാഴ്മനസ്സിനെ.
കാലം തുളയിട്ട
കാമവേഗങ്ങളെ.
പൌരാണിക നാവികരാം
നമ്മള്‍, പ്രണയത്തിന്‍റെ
ആഴങ്ങള്‍ തൊട്ടൊരു
നങ്കൂരത്തുരുമ്പിനെ.
ആകാശമെനിക്കിന്നും
ആഴങ്ങള്‍ നിനക്കന്നും
അകമേ തികട്ടുന്ന
വന്യപ്രലോഭനങ്ങള്‍.
ഞാന്‍, തീരങ്ങള്‍
തനിച്ചുരുവിടുന്ന
നിഷ്ഫല പ്രാര്‍ത്ഥന.
അവള്‍, കടലുപ്പ്‌ നീറ്റുന്ന
മുറിവായകളുടെ
നിശബ്ദ വിലാപം.
അവളും ഞാനും
പങ്കുവയ്ക്കുന്നത്
കാലം ചോര വാര്‍ത്ത
ഒരോര്‍മയെ.


രണ്ട്

ആ ചോരകുടിയന്‍കാലത്തെ
നമ്മള്‍ തൊട്ടതൊരു
ചുവന്ന പൂവിതള്‍ കൊണ്ട്.
ഉടലാകെയുലച്ചുകളഞ്ഞ
ഉഷ്ണവിഭ്രാന്തികളെ
അവളൊരു പച്ചിലത്തണല്‍ കൊണ്ട്.
പ്രാണനെ ദക്ഷിണയായി ചോദിച്ച
രാത്രികളെ ഞാനീ കവിത കൊണ്ട്.

ആത്മഹത്യകളുടെ ഓര്‍മ നാളാണിന്ന്.
മരണത്തോടു ഞാനെന്‍റെ
പ്രണയം തുറന്നുപറഞ്ഞ നാള്‍.
കപ്പല്‍ച്ചേദങ്ങള്‍ ഇരമ്പുന്ന
ഉള്‍ക്കടലിന്‍റെ തിരമുനകളോടു
വീണ്ടും കടം പറഞ്ഞ നാള്‍.
നന്കൂരങ്ങളുടെ ശവപ്പറമ്പില്‍
വീണ്ടുമൊരു ആകാശക്കീറ്
ഇരുട്ട് കോര്‍ത്തുകിടന്ന നാള്‍.
ഇന്ന്, തുരുമ്പ് ചുവയ്ക്കുന്ന
ചുംബനം പൊള്ളിച്ച
ഓര്‍മകളുടെ സഹശയനം.
കപ്പല്‍ച്ചേദങ്ങള്‍ കണ്ട
ഏകാന്ത നാവികന്‍റെ
അന്ത്യകുമ്പസാരം.
ആത്മഹത്യകളുടെ ഓര്‍മ നാളാണിന്ന്.
പ്രണയത്തോട് ഞാനെന്‍റെ
മരണം തുറന്നുപറഞ്ഞ നാള്‍.

അവള്‍, അമര്‍ന്നുടഞ്ഞു
പോയൊരു പ്രാര്‍ത്ഥന.
ഞാന്‍, നാളിത്രയും
വാകീറിക്കരഞ്ഞൊരു വാക്ക്.


മൂന്ന്

അവളും ഞാനും
പങ്കുവയ്ക്കുന്നത്
ഒരു വിചാരത്തെ.
ഓര്‍ത്തുവയ്ക്കുന്നത്
നഗ്നമൊരു വഴിയെ.
നഗരം വായനാറ്റങ്ങളിലേക്ക്
ഉണരുംമുന്‍പത്തെ രാവില്‍
കടലോര നിശാസത്രത്തില്‍
പരസ്പരം കണ്ണുകളില്‍
കടല്‍ കണ്ടുകൊണ്ടിരിക്കെ
എപ്പോഴോ അവളോര്‍ത്തിരിക്കാം:
പിരിയാതെ വയ്യ നമുക്കിനി.

അവള്‍, പിറക്കാനിരിക്കുന്ന
മരുവസന്തത്തിന്റെ കാമിനി.
ഞാന്‍, ആരുടെയോ
നഖത്തുള വീണ നിലവിളി.
ഓര്‍മയുടെ ഇരുണ്ട
ചരല്‍വഴിയിലൊരു
മുദ്രാവാക്യത്തിന്‍റെ
വേച്ചുപോയ കാലൊച്ച.
ഇരുളിന്‍റെ അടിവയറ്റില്‍
എവിടെയോ തണുത്ത
തോക്കിന്‍കുഴല്‍ നിശ്വാസം.
വേട്ടമൃഗം കോമ്പല്ലില്‍
കോര്‍ത്തെടുത്തും
വേഗത്തിന്‍റെ കിതപ്പാറ്റിയും
തളര്‍ത്തിയ ഒരു ജന്മമിത്രയും.

സാക്ഷിയും വഴിയുമാര്?
അവള്‍ എന്നും
ജീവിതത്തിന്‍റെ ഒരിര.

02 December, 2009

പോയിന്റ്‌ ബ്ലാങ്ക്

( നിര്‍മലാ ജോസഫിന് )


ഈ വെടിയുണ്ടകള്‍ക്കും
പല മരണങ്ങള്‍ക്കുമിടയില്‍
എവിടെയോ എപ്പോഴോ
ഒരു തോക്ക് ഒളിച്ചിരിപ്പുണ്ട്.
വെടിയുണ്ട തുളച്ചിറങ്ങി
ചിതറിയ ഓര്മകള്‍ക്കിടയില്‍
ആരോ ഉപേക്ഷിച്ചിട്ടുപോയ
അമ്ലത്തുള വീണ പ്രണയം.
മരണക്കുറിപ്പില്‍ ആരും
തോക്കിന്റെ നിസ്സഹായത
പരാമര്ശിച്ചെന്നിരിക്കില്ല.
കാഞ്ചിയുടെ മെയ് വഴക്കവും
ചരിത്രമായി മാറിയിരിക്കും.
അനുശോചനങ്ങള്‍ക്കിടെ ആരും
ഓര്‍ക്കില്ല നിന്നെ. എന്നുമുള്ളില്‍
ഉന്‍മാദം നിറച്ചു നിന്ന നിന്നെ.
അകമേ കലമ്പി നിന്നു
കൊടുങ്കാറ്റു പുതച്ചു വന്ന
പ്രണയത്തെ.
ഈ ചോരച്ചാലുകള്‍ക്കും
ആത്മഹത്യ ചെയ്ത
വെടിയുണ്ടകള്‍ക്കുക്കുമിടയില്‍
പിടയ്ക്കുന്ന ഒരു നീല ഞരമ്പ്‌
സ്വയം ഉണര്ന്നിരിപ്പുണ്ട്.

30 November, 2009

ഇന്‍ബോക്സ്

ഇപ്പോള്‍ ഇതുവഴി അങ്ങനെയാരും
വഴി തെറ്റി കടന്നു വരാറില്ല.
അതിക്രമിച്ചു കടക്കുന്നവര്‍
ശിക്ഷിക്കപ്പെടുമെന്ന ശാസന
പണ്ടേ ഒരുവള്‍
സ്വന്തമാക്കിയതാണെങ്കിലും.
ഇതു പൊതുവഴിയല്ലെന്ന മുന്നറിയിപ്പ്
ഉന്മാദപ്പെരുമഴ പെയ്യിച്ച
രാത്രികളിലൊന്നിലെപ്പോഴോ
അടര്‍ന്നു വീണിരുന്നെങ്കിലും.
പണ്ടെന്നോ വന്നു കയറിയവര്‍
തൂങ്ങിമരിച്ച മരക്കൊമ്പില്‍ നിന്നു
താഴെയിറക്കിക്കിടത്തിയ
ജഡങ്ങളിലൊന്നിനെ
തോളിലേറ്റി ശ്മാശാനത്തിലേക്ക്
നടക്കാന്‍ പഴയൊരോര്‍മ
എവിടെയോ വഴി ചോദിച്ചു നടപ്പുണ്ട്.
വീണ്ടും വീണ്ടും കോട്ടുവായിട്ട്
വേതാളമൊന്നിവിടെയെന്നും
കാത്തിരിക്കുന്നതറിയാതെ.
വേതാളച്ചോദ്യത്തില്‍ തോറ്റു
തല ചിതറുമെന്നറിയാതെ.

26 November, 2009

തനിച്ച് ഉരുവിടേണ്ടുന്ന പ്രാര്‍ത്ഥനകള്‍



കുളിക്കാന്‍ പുഴയിലേക്കുള്ള വഴിയില്‍ നമ്മള്‍ അലയുന്നതിന്റെ വേവലാതികളെ കുറിച്ചു വാതോരാതെ സംസാരിച്ചെന്നിരിക്കും. മീനുകള്‍ കടലോളം നീന്തിച്ചെന്നു ഉപ്പുവെള്ളത്തില്‍ തൊടുന്നതിനെ കുറിച്ചാവും ഒരാള്‍ പറഞ്ഞിട്ടുണ്ടാവുക. അതിന്റെ ചെകിളയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുപ്പു പരല്‍ അപ്പോള്‍ മനസില്‍ ഓര്ത്തെന്നിരിക്കും. നീന്താനുള്ള ദൂരത്തെ കുറിച്ചു ഒരു കുഞ്ഞു മീന്‍ ആഹ്ലാദിക്കുന്നതും വെള്ളത്തിന്റെ അറിവുകള്‍ അതിന് മുന്നില്‍ താനേ തുറക്കുന്നതും സ്വപ്നം കാണും. 'ദൈവമേ, കഷ്ടം ഈ പക്ഷികള്‍ക്കൊന്നും മീനുകളെപ്പോലെ നീന്താനാവില്ലല്ലോ' എന്ന് കുഞ്ഞു പെങ്ങള്‍ സങ്കടപ്പെടുന്നതിന്റെ പൊരുള്‍ ആര്‍ക്കാണ് അറിയാവുന്നത്?. 'പക്ഷികളെ ആരും ചൂണ്ടയില്‍ കോര്‍ത്ത്‌ പോവരുതേ' എന്നവള്‍ പ്രാര്ത്തിക്കുകയാവും. വെള്ളത്തിനടിയില്‍ ഒഴുക്കിന്റെ അര്‍ത്ഥങ്ങള്‍ ഒന്നും ആദ്യമേ പിടികിട്ടിയെന്ന് വരില്ല. വിലാപങ്ങളോരോന്നു വന്നു ഓരോരോ വഴിയില്‍ നമ്മെ വഴിതെറ്റിച്ച് കൂട്ടിക്കൊണ്ടു പോകുന്നത് എത്ര ശ്രദ്ധിചിരുന്നാലും മനസ്സിലായെന്നു വരില്ല. 'ഒരു ചൂണ്ടക്കുരുക്കില്‍ നിന്നു രക്ഷപ്പെടുത്തേണമേ' എന്നല്ല കുഞ്ഞുപെങ്ങള്‍ പ്രാര്‍ത്ഥി ച്ചിട്ടുണ്ടായിരിക്കുക. 'ഓര്‍മകളുടെ പായലില്‍ പ്രലോഭിപ്പിക്കപ്പെട്ടു പോവരുതേ' എന്നുമാവില്ലെന്ന് ആര്‍ക്കാണറിയാവുന്നത്. തിരിച്ചുനടക്കുമ്പോള്‍ സംസാരിക്കാന്‍ ഒന്നുമുണ്ടാവില്ല. പ്രാര്‍ത്ഥനകളെ അപ്പോഴേക്കും മീനുകള്‍ അപ്പാടെ തിന്നുതീര്ത്തിരിക്കും.

25 November, 2009

ജീവിതത്തോട് ഒന്നു രണ്ടു പരിഭവങ്ങള്‍


ഞാനും മരണവും കൂടി ജീവിതമേ

നിന്നെയൊരു തണ്ടിലേറ്റി

നീങ്ങുമ്പോഴാവണം

വഴിവക്കിലാരോ പറഞ്ഞത് :

"കഷ്ടം, ഈ ജീവിതമിങ്ങനെ

തണ്ടോളമായാല്‍

താനെന്നു വിളിക്കണോ അതോ

തണ്ടിലേറ്റി നടത്തണോ? ".


ഒറ്റത്തണ്ട് പാലത്തില്‍ ,

ദുരന്ത നാടകത്തിന്റെ നിഴല്‍

കണ്ടാവണം നീ കുതറിയതും

ഒഴുക്ക് വെള്ളപ്പിടച്ചിലില്‍ നിന്നു

ആ മരണം അതൊന്നു മാത്രം

നീന്തി കരപറ്റിയതും.


ജീവിതമേ, നിന്നെയും കൊക്കിലാക്കി

കണ്ണില്‍ മഴവില്ല് കുത്തുന്ന

മായക്കാഴ്ച്ചയിലങ്ങനെ

ഇരിക്കുമ്പോഴാകണം പൊന്നേ,

അങ്ങ് താഴെ പ്രലോഭനങ്ങള്‍ക്ക്

വാലു മുളച്ചതും ശബ്ദമുയര്‍ന്നതും.

ഒരു പാട്ട് ഒരു പാട്ടുമാത്രമെന്നു

ആരോ കൊതിപ്പിച്ചതും.


മനസ്സിന്റെ കാമനകളിലേക്ക്

കൊക്ക് പിളര്ത്തുമ്പോള്‍

ഓര്മത്തെറ്റ് പോലെ

നീയടര്‍ന്നു വീണതും.

ആരോ നിന്നെ റാഞ്ചുന്നത് കണ്ടും

ആസക്തികള്‍ ചുറ്റും ചിനക്കുന്നത്

കേട്ടും വെറുതെ ഞാനിരിക്കുന്നതും.



Followers