വാതില്ക്കല്
മുഖം ഒളിപ്പിക്കുന്നത്
ആരുമാകാം. പക്ഷെ
കാറ്റെന്നേ പറയാവൂ.
മനസ്സിലേക്കൊരു
വിരല്‍ നീട്ടുന്നത്
മരണമാവാം. പക്ഷെ
ഓര്മയെന്നേ പറയാവൂ.
കരളിലേക്കൊരു
മൂര്ച്ചയിറക്കുന്നത്
കാലമാവാം. പക്ഷെ
കാമമെന്നേ പറയാവൂ.
കൊറ്റിയുടെ മുഖമൊന്നു
മനസ്സിലുണ്ടിപ്പോള്‍.
വരിഞ്ഞുമുറുകിയ
ഒരു കുഞ്ഞുമീന്‍
തൊണ്ടയില്‍ പരതുന്നു.
കഴുത്തില്‍ കയര്‍ മുറുകിയ
പുഴയുടെ വിലാപം
തൊണ്ടയില്‍ ഇഴയുന്നു. പക്ഷെ
മുള്ള് എന്നേ പറയാവൂ.
ആകാശത്ത് ആര്‍ക്കോ
വേണ്ടിയൊരു വെടിയൊച്ച.
അരുത് കാട്ടാളാ
എന്നേ പറയാവൂ.
അകത്തെന്നുമെന്തോ
മുറിയുന്നു. പക്ഷെ
ആത്മഗതമെന്നേ പറയാവൂ.
വരും വരും നാളെയൊരു
കുറുനരി എന്നേ
സമാധാനിക്കാവൂ.
the words we settle
16 years ago