20 March, 2011

അപശബ്ദതാരാവലി



പറഞ്ഞുകഴിഞ്ഞപ്പോള്‍ ശരിയാണേ.
വറുതിയും പട്ടിണിയും
കണ്ടകശ്ശനി പോലെയാ.
കൊണ്ടേ പോകുവത്രെ. നേരാ,
അതു മുഖത്തെഴുതിവച്ചിട്ടുണ്ട്.
ഒറീസയിലേയോ ബീഹാറിലേയോ
ഏതോ സ്ഥലത്തിന്‍റെ പേരു പറഞ്ഞു.
ആര്‍ക്കാ അതൊക്കെയിപ്പോള്‍
ഓര്‍ക്കാനുണ്ട് നേരമെന്നേ.
വെള്ളപ്പൊക്കമോ വരള്‍ച്ചയോ
എന്തോ സംഭവിച്ചുവെന്നുറപ്പാ.
മാരണങ്ങള്‍ വന്ന പാടെ
ഒളിച്ചുപോരികയായിരുന്നു.
കിട്ടിയ കിടക്കയും
കുടുക്കയും കൊണ്ട്.
പല്ലെന്തെങ്കിലും കടിച്ചിട്ട്
ദിവസം അഞ്ചുപത്തായി.
നാവെന്തെങ്കിലും രുചിച്ചിട്ട്
കാലമെത്രയോ ആയി.
ഒട്ടിയ വയറുകള്‍
ശബ്ദതാരാവലിയിലേക്ക്
ഇടയ്ക്കിടെ പാളിനോക്കുന്നത്
എന്തിനാവും ആവോ?.
ആശാനുമൊക്കെയുള്ള കാലത്താണേ,
ശബ്ദം കൊണ്ടുള്ള
കളിയും ചിരിയും കാര്യവുമെന്നൊക്കെ
പറഞ്ഞപ്പോള്‍
തലയാട്ടിയതാണല്ലോ,
നമ്മുടെ ഭാഷ വല്ലോം
പിടികിട്ടുന്നുണ്ടാകുമോ?.
വിശപ്പുണക്കുന്ന ,
തടിച്ചുകൊഴുത്ത ,
എണ്ണയില്‍ മൊരിഞ്ഞ ,
പോഷകങ്ങള്‍ നിറഞ്ഞ ,
ദുര്‍മേദസുള്ള ,
അംഗവടിവുള്ള ,
വാലിട്ടുകണ്ണെഴുതിയ,
കാക്കത്തൊള്ളായിരം
വാക്കുകളുണ്ടതില്‍
എന്നു പറഞ്ഞതു
മനസിലായിട്ടുണ്ടാവണം.
നീട്ടിയ കടലാസിലെ ഒപ്പ്
വില്ലേജ് ഓഫിസറുടേതാണോ
ഹെഡ്ഡങ്ങത്തേയുടേതാണോ
എന്നു പാളിനോക്കിയപ്പോഴാണേ രസം,
ഒരു വിരലടയാളം പോലുമില്ല.
വല്ലാത്ത ഭാഷ തന്നെ,
അതല്ല ഞെട്ടിച്ചത്.
അതൊരു കവിതയായിരുന്നു.
ശബ്ദതാരാവലിക്കകത്തു നിന്നു
തന്നെയാവും ആ ശബ്ദവും.
അല്ലാതെ വേറെ ശബ്ദം എവിടിരിക്കുന്നു?.
എന്തൊക്കെയോ ഇടിഞ്ഞുവീഴുന്നതു പോലെ,
എവിടെയോ എല്ലാം തകരുന്നതു പോലെ.
ആരോ സ്വയം വലിച്ചെറിയുന്നതു പോലെ.

18 March, 2011

ഒരു ജനാലയെന്ന പോലെ



ഭൂമിയെയിങ്ങനെ
ഉരുട്ടിയെടുക്കണമെന്നും
ഈ ആകാശത്തെ
വീശിപ്പറത്തി
വിരിക്കണമെന്നും
രാത്രിയെ കറുപ്പിച്ചു
വരയ്ക്കണമെന്നും
ഓരോ നാട്ടുനടപ്പുകള്‍ .

‘അ’ അമ്മയെപ്പോലെ
ഉരുണ്ടിരിക്കണമെന്നും
‘ ആ ’ ആനയെപ്പോലെ
തുമ്പി നീട്ടണമെന്നും
ഓരോ എഴുത്തുനിയമങ്ങള്‍ .

കിളി പറക്കണമെന്നും
മീന്‍ നീന്തണമെന്നും
പുഴു ഇഴയണമെന്നും
പുല്‍ച്ചാടി ചാടണമെന്നും
ആമ മുടന്തണമെന്നും
ഓരോ കളിനിയമങ്ങള്‍ .

വെറുതെയല്ല, നേരമിന്നിത്രയും
പുലര്‍ന്നിട്ടും ഓരോരോ നിലവിളികള്‍
ഉറക്കംവരാതെ അകത്തും പുറത്തും
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്.
ഓരോന്നുറങ്ങിക്കഴിഞ്ഞു വേണം
സമയം ബാക്കിയുണ്ടെങ്കില്‍
മീനായി പറക്കാനും
കിളിയായി നീന്താനും
ഇഴച്ചില്‍ മറന്നു പുഴുവായി
പുല്‍ത്തുമ്പത്ത് ചാടാനും.
ജനാലകള്‍ അടച്ചിടാന്‍
മാത്രമുള്ളതല്ലെന്നു
അതിന്‍റെ നിര്‍മിതി
കണ്ടാലേ അറിയാം.
കളിഭ്രാന്ത്



ഭൂമിയെയിങ്ങനെ
ഉരുട്ടിയെടുക്കണമെന്നും
ഈ ആകാശത്തെ
വീശിപ്പറത്തി
വിരിക്കണമെന്നും
രാത്രിയെ കറുപ്പിച്ചു
വരയ്ക്കണമെന്നും
ഓരോ നാട്ടുനടപ്പുകള്‍ .

‘അ’ അമ്മയെപ്പോലെ
ഉരുണ്ടിരിക്കണമെന്നും
‘ ആ ’ ആനയെപ്പോലെ
തുമ്പി നീട്ടണമെന്നും
ഓരോ എഴുത്തുനിയമങ്ങള്‍ .

കിളി പറക്കണമെന്നും
മീന്‍ നീന്തണമെന്നും
പുഴു ഇഴയണമെന്നും
പുല്‍ച്ചാടി ചാടണമെന്നും
ആമ മുടന്തണമെന്നും
ഓരോ കളിനിയമങ്ങള്‍ .

വെറുതെയല്ല, നേരമിന്നിത്രയും
പുലര്‍ന്നിട്ടും ഓരോരോ നിലവിളികള്‍
ഉറക്കംവരാതെ അകത്തും പുറത്തും
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്.
ഓരോന്നുറങ്ങിക്കഴിഞ്ഞു വേണം
മീനായി പറക്കാനും
കിളിയായി നീന്താനും
പുഴുവായി പുല്‍ത്തുമ്പത്ത് ചാടാനും.

16 March, 2011

മറഞ്ഞിരിപ്പത്





ഒരു കുന്തമുണ്ടായിരുന്നത്
കളഞ്ഞുപോയി അതിനിടെ.
പല പല കാര്യങ്ങളായിരുന്നെന്നേ.
അതിരില്‍ മണ്ണില്‍
മടവീഴ്ത്തിത്തുടങ്ങിയ
അവളുടെ ആ ചക്കരത്തേന്‍
വരിക്കപ്ലാവിന്‍റെ
നീണ്ടുവരുന്ന വിരലുകളുടെ
അറ്റത്ത് ഇത്തിരിയെങ്കിലും
രസം വച്ചൊന്നു
കരിച്ചുനോക്കുകയെങ്കിലും വേണ്ടേ.
അയയില്‍ തോരാനിട്ട
പകലിനെ പേരിനെങ്കിലും
ഒന്നുകുടഞ്ഞു മടക്കിവയ്ക്കണ്ടേ.
ഇപ്പുറത്തേക്കു നീളുന്ന
അവളുടെ കരിങ്കണ്ണുകളെ
കല്ലെടുത്തെറിഞ്ഞ്
ആട്ടിപ്പായിക്കണം.
ചിലതുണ്ട് കല്ലെത്രയെറിഞ്ഞാലും
പിന്നെയും ചാഞ്ഞും ചെരിഞ്ഞും നോട്ടം.
അപ്പുറത്തുനിന്നു കാക്കയും കുരുവിയും
കൊണ്ടിടുന്ന പലതരം
വിത്തുകളുണ്ട്.
നോക്കിനില്‍ക്കുന്ന നേരം മതി
നെഞ്ചിലോട്ടും മറ്റും
പടര്‍ന്നങ്ങു കയറാനായിട്ട്.
അതുങ്ങടെയൊക്കെ
കൂമ്പും തളിരുമൊക്കെ
സമയാസമയത്ത്
ഒടിച്ചുകളയാന്‍ വേറാരിരിക്കുന്നു.
ഇതിനിടയിലെപ്പോഴാണ്
ആകെയുണ്ടായിരുന്ന നശിച്ച കുന്തം
കാണാതായതെന്നാര്‍ക്കറിയാം.
തപ്പാമെന്നുവച്ചും നോക്കിയപ്പോള്‍
ആ കുടവും ഇരുന്നിടത്ത് നിന്ന്
എഴുന്നേറ്റുപോയിരിക്കുന്നു.
കണ്ടുപോയാല്‍ ഒന്നും രണ്ടും
പറഞ്ഞ് എന്തായിരുന്നു
ഉണ്ടാക്കുമായിരുന്ന പുകിലൊക്കെ.
ഒന്നിച്ച് ഒളിച്ചുപോയതാവാനും മതി.
ഒന്നിനൊന്നിനെ തപ്പേണ്ടവയൊക്കെ
ഒന്നിച്ചൊളിച്ചുപോയാല്‍
അവിടന്നുമിവിടന്നും ഇതൊക്കെ
തപ്പിയെടുക്കേണ്ടവര്‍
ചുറ്റിപ്പോവത്തേയുള്ളൂ.
അതൊന്നും വേണ്ടാത്ത
ബാക്കിയുള്ളവര്‍ക്ക് വകയായി,
ഓരോന്നോരോന്നു പറയാനും
നിറഞ്ഞുചിരിക്കാനും.

14 March, 2011

പൂര്‍ണമിദം



ഇതാണിപ്പോള്‍ ഒന്നും
മനസ്സിലാവാത്തത്.
രാത്രിക്കൊപ്പം പൊട്ടിവീണ
കുപ്പിവളത്തുണ്ടുകള്‍
ചേര്‍ത്തുവെച്ചപ്പോഴുണ്ട്
അതിനു രാത്രിയേക്കാള്‍ വലിപ്പം.
കിടക്കയില്‍ നിറഞ്ഞുകവിഞ്ഞ്‌
വളഞ്ഞു നിറഞ്ഞങ്ങനെ
പകലിലേക്കും
പടര്‍ന്നുകിടക്കുന്നു.
അതിനിടയില്‍ പകലുണ്ട്
മുഖമൊളിപ്പിച്ചങ്ങനെ.

അവളുടെ കണ്ണൊന്നു
നിറഞ്ഞപ്പോള്‍
ഈ കടലത്രയും
അഴിഞ്ഞുലഞ്ഞു
നിറഞ്ഞതെങ്ങനെയാവും.

മനസ്സൊന്നു തുറന്നപ്പോഴുണ്ട്
ഈ ഈരേഴുലകിലും
ഇക്കാണാത്തതൊക്കെയും
അവളിത്രയും കാലം
ഒളിപ്പിച്ചുവച്ചത്
എന്തിനു വേണ്ടിയാവും?.

Followers