08 December, 2009

സ്ത്രീയേ, ഞാനും നീയും തമ്മിലെന്ത് ?

കത്തുന്ന കടല്‍ക്കാറ്റും
ഉയരങ്ങള്‍ തെന്നുന്ന
ആകാശപ്പറവയും
പങ്കുവയ്ക്കുന്നത്
പാതിയും കടല്‍ തിന്ന
ഒരു മരക്കപ്പലിനെ.
അതിന്‍റെ പാതിയും ദ്രവിച്ച
പാഴ്മനസ്സിനെ.
കാലം തുളയിട്ട
കാമവേഗങ്ങളെ.
പൌരാണിക നാവികരാം
നമ്മള്‍, പ്രണയത്തിന്‍റെ
ആഴങ്ങള്‍ തൊട്ടൊരു
നങ്കൂരത്തുരുമ്പിനെ.
ആകാശമെനിക്കിന്നും
ആഴങ്ങള്‍ നിനക്കന്നും
അകമേ തികട്ടുന്ന
വന്യപ്രലോഭനങ്ങള്‍.
ഞാന്‍, തീരങ്ങള്‍
തനിച്ചുരുവിടുന്ന
നിഷ്ഫല പ്രാര്‍ത്ഥന.
അവള്‍, കടലുപ്പ്‌ നീറ്റുന്ന
മുറിവായകളുടെ
നിശബ്ദ വിലാപം.
അവളും ഞാനും
പങ്കുവയ്ക്കുന്നത്
കാലം ചോര വാര്‍ത്ത
ഒരോര്‍മയെ.


രണ്ട്

ആ ചോരകുടിയന്‍കാലത്തെ
നമ്മള്‍ തൊട്ടതൊരു
ചുവന്ന പൂവിതള്‍ കൊണ്ട്.
ഉടലാകെയുലച്ചുകളഞ്ഞ
ഉഷ്ണവിഭ്രാന്തികളെ
അവളൊരു പച്ചിലത്തണല്‍ കൊണ്ട്.
പ്രാണനെ ദക്ഷിണയായി ചോദിച്ച
രാത്രികളെ ഞാനീ കവിത കൊണ്ട്.

ആത്മഹത്യകളുടെ ഓര്‍മ നാളാണിന്ന്.
മരണത്തോടു ഞാനെന്‍റെ
പ്രണയം തുറന്നുപറഞ്ഞ നാള്‍.
കപ്പല്‍ച്ചേദങ്ങള്‍ ഇരമ്പുന്ന
ഉള്‍ക്കടലിന്‍റെ തിരമുനകളോടു
വീണ്ടും കടം പറഞ്ഞ നാള്‍.
നന്കൂരങ്ങളുടെ ശവപ്പറമ്പില്‍
വീണ്ടുമൊരു ആകാശക്കീറ്
ഇരുട്ട് കോര്‍ത്തുകിടന്ന നാള്‍.
ഇന്ന്, തുരുമ്പ് ചുവയ്ക്കുന്ന
ചുംബനം പൊള്ളിച്ച
ഓര്‍മകളുടെ സഹശയനം.
കപ്പല്‍ച്ചേദങ്ങള്‍ കണ്ട
ഏകാന്ത നാവികന്‍റെ
അന്ത്യകുമ്പസാരം.
ആത്മഹത്യകളുടെ ഓര്‍മ നാളാണിന്ന്.
പ്രണയത്തോട് ഞാനെന്‍റെ
മരണം തുറന്നുപറഞ്ഞ നാള്‍.

അവള്‍, അമര്‍ന്നുടഞ്ഞു
പോയൊരു പ്രാര്‍ത്ഥന.
ഞാന്‍, നാളിത്രയും
വാകീറിക്കരഞ്ഞൊരു വാക്ക്.


മൂന്ന്

അവളും ഞാനും
പങ്കുവയ്ക്കുന്നത്
ഒരു വിചാരത്തെ.
ഓര്‍ത്തുവയ്ക്കുന്നത്
നഗ്നമൊരു വഴിയെ.
നഗരം വായനാറ്റങ്ങളിലേക്ക്
ഉണരുംമുന്‍പത്തെ രാവില്‍
കടലോര നിശാസത്രത്തില്‍
പരസ്പരം കണ്ണുകളില്‍
കടല്‍ കണ്ടുകൊണ്ടിരിക്കെ
എപ്പോഴോ അവളോര്‍ത്തിരിക്കാം:
പിരിയാതെ വയ്യ നമുക്കിനി.

അവള്‍, പിറക്കാനിരിക്കുന്ന
മരുവസന്തത്തിന്റെ കാമിനി.
ഞാന്‍, ആരുടെയോ
നഖത്തുള വീണ നിലവിളി.
ഓര്‍മയുടെ ഇരുണ്ട
ചരല്‍വഴിയിലൊരു
മുദ്രാവാക്യത്തിന്‍റെ
വേച്ചുപോയ കാലൊച്ച.
ഇരുളിന്‍റെ അടിവയറ്റില്‍
എവിടെയോ തണുത്ത
തോക്കിന്‍കുഴല്‍ നിശ്വാസം.
വേട്ടമൃഗം കോമ്പല്ലില്‍
കോര്‍ത്തെടുത്തും
വേഗത്തിന്‍റെ കിതപ്പാറ്റിയും
തളര്‍ത്തിയ ഒരു ജന്മമിത്രയും.

സാക്ഷിയും വഴിയുമാര്?
അവള്‍ എന്നും
ജീവിതത്തിന്‍റെ ഒരിര.

7 comments:

  1. സ്പാര്‍ക്കുള്ള കവിതകള്‍
    ഇനിയും വരാം ഈ വഴിയെ...

    ReplyDelete
  2. ചക്ക പോലെ നിറയെ മുള്ളുകളുള്ള ബിംബങ്ങള്‍ ..കവിത ഒരിടത്തും നോവിക്കാതെ വിടുന്നില്ലല്ലോ മാഷേ

    ReplyDelete
  3. kollaam
    ullil thattunna varikal
    ishtamaayi tto

    ReplyDelete
  4. വരികള്‍ക്കിടയില്‍ അനുഭവിച്ചു ...
    പിരിഞ്ഞും കണ്ടു മുട്ടിയും
    കാണാതെയും നഗ്നമായ
    വഴികളിലൊരു കണ്ണ്
    കടം കൊടുത്തും .....
    നന്നായി മാഷേ

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. entha varikal... manassine thee pidippikkunnu...

    ReplyDelete
  7. വേട്ടമൃഗം കോമ്പല്ലില്‍
    കോര്‍ത്തെടുത്തും
    വേഗത്തിന്‍റെ കിതപ്പാറ്റിയും
    തളര്‍ത്തിയ ഒരു ജന്മമിത്രയും.
    uvvo
    nannayirikkunnu

    ReplyDelete

Followers