18 March, 2011

കളിഭ്രാന്ത്



ഭൂമിയെയിങ്ങനെ
ഉരുട്ടിയെടുക്കണമെന്നും
ഈ ആകാശത്തെ
വീശിപ്പറത്തി
വിരിക്കണമെന്നും
രാത്രിയെ കറുപ്പിച്ചു
വരയ്ക്കണമെന്നും
ഓരോ നാട്ടുനടപ്പുകള്‍ .

‘അ’ അമ്മയെപ്പോലെ
ഉരുണ്ടിരിക്കണമെന്നും
‘ ആ ’ ആനയെപ്പോലെ
തുമ്പി നീട്ടണമെന്നും
ഓരോ എഴുത്തുനിയമങ്ങള്‍ .

കിളി പറക്കണമെന്നും
മീന്‍ നീന്തണമെന്നും
പുഴു ഇഴയണമെന്നും
പുല്‍ച്ചാടി ചാടണമെന്നും
ആമ മുടന്തണമെന്നും
ഓരോ കളിനിയമങ്ങള്‍ .

വെറുതെയല്ല, നേരമിന്നിത്രയും
പുലര്‍ന്നിട്ടും ഓരോരോ നിലവിളികള്‍
ഉറക്കംവരാതെ അകത്തും പുറത്തും
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്.
ഓരോന്നുറങ്ങിക്കഴിഞ്ഞു വേണം
മീനായി പറക്കാനും
കിളിയായി നീന്താനും
പുഴുവായി പുല്‍ത്തുമ്പത്ത് ചാടാനും.

1 comment:

  1. ഓരോന്നുറങ്ങിക്കഴിഞ്ഞു വേണം

    ReplyDelete

Followers

Blog Archive