18 November, 2009

ശ്മശാനത്തിലെ ഓരോ പകല്‍


സ്വന്തം തലയറുത്തു വഴിയരികില്‍

സ്വന്തം ജാതകം കാഴ്ചയ്ക്ക് വച്ചിരുന്ന

ചെറുപ്പക്കാരനെ ഈയിടെയായി

വഴിവിളക്കുകള്‍ക്കും കണ്ടാലറിയില്ല.

ട്രാഫിക് വിളക്ക് ചുവപ്പായി കത്തുന്നത്

അവന്റെ ചങ്കാണെന്നു കരുതിയ

കാലം ആരുമോര്‍ക്കാറില്ല.

വൈകുന്നേരമാവുന്നത് അവന്റെ

കഴുത്ത് വീണ്ടും മുളക്കാനായിരുന്നെന്നു

ആരും കാത്തിരിക്കാറുമില്ല.

കഴുത്ത് മുറിഞ്ഞ തലയിലെ

കണ്ണുകള്‍ വഴിപോക്കരെ

അലോസരപ്പെടുത്താറില്ല.

ശീര്‍ഷകമില്ലാത്ത കബന്ധം

സ്വന്തം തലയെപ്പറ്റി

ആരെയും ഓര്മിപ്പിക്കുന്നുമില്ല.

പൊട്ടിയ മലിനജലക്കുഴല്‍ പോലെ

കഴുത്തിലെ ചോരക്കുഴലറ്റം

ഒരു പരാതിയും പറയുന്നില്ല.

തലയെടുത്തു കഴുത്തില്‍ വച്ചു

വൈകുന്നേരം ചെറുപ്പക്കാരന്‍

തിരിച്ചുപോവുമ്പോള്‍ മാത്രം

ആരുമൊന്നും പറയില്ല,

വീണ്ടും വരണമെന്നോ അതോ

വീണ്ടും വരരുതേ എന്നോ.

2 comments:

  1. തലയെടുത്തു കഴുത്തില്‍ വച്ചു

    വൈകുന്നേരം ചെറുപ്പക്കാരന്‍

    തിരിച്ചുപോവുമ്പോള്‍ മാത്രം

    ആരുമൊന്നും പറയില്ല,

    വീണ്ടും വരണമെന്നോ അതോ

    വീണ്ടും വരരുതേ എന്നോ.
    .....

    മനോഹരമായ കവിത...

    ReplyDelete

Followers