17 November, 2009

സ്വയം എഴുതാവുന്ന മഹസ്സറില്‍ നിന്ന്


ശരീരത്തില്‍ നിന്ന്

ജീവപര്യന്തം ശിക്ഷയ്ക്കിടെ

തടവ്‌ ചാടിയ

ഓര്‍മയുടെ ഈ ജഡത്തിനു

ഒരായുസെങ്കിലും പഴക്കം.

ജയില്‍ വളപ്പിലേക്ക്

പൂത്തിറങ്ങിയ

പൂവാകയുടെ ചുവട്ടില്‍

അത് മുളക്കാതെ കിടന്നിരിക്കും.

എന്നും തിളച്ചുനിന്ന ഹൃദയത്തെ

ഒരു പൂമ്പൊടി പൊള്ളിച്ചിരുന്നു.

ആരെക്കാളും അധികം

പറഞ്ഞു നിര്‍ത്തിയിടത്ത്

ആഴത്തില്‍ അഞ്ചു മുറിവുകള്‍.

ഓരോന്നും മാരകം.

ആര്‍ക്കും അടുത്തറിയാവുന്ന

ശ്വാസത്തിനു മേല്‍

ആരുടെയോ കൈവിരല്‍പ്പാടും.

നെഞ്ഞിനുള്ളിലെ ബാക്കിവന്ന

നിലവിളിക്കു മേലെ ആരുടെയോ

കാലടികള്‍ കല്ലിച്ചു കിടപ്പുണ്ട്.


ഇത്രയും നാള്‍ മതിലിനപ്പുറം

ആരെയോ തേടി നടന്നവ.

1 comment:

  1. ...
    പക്ഷെ പ്രിയ കവെ ,
    പരീക്ഷയും പരീക്ഷണങ്ങളുമായ് ജീവപര്യന്തം
    നാം തടവറയില്‍ തന്നെയല്ലെ,
    ബാല്യത്തില്‍ കൗമാരത്തില്‍ ജീവിതത്തിന്‍റെ ശാദ്വലഭൂമികളില്‍
    ജീവിതം വിജയിയുടേതുമാത്രമല്ല;
    പരാജിതന്‍റേതുകൂടിയല്ലെ?.....ഈ മുറി നമ്മുടേതുകൂടിയല്ലെ,
    ചിലപ്പോഴൊക്കെ ഈ ജീവിതം ജീവിച്ചുതീര്‍ക്കാന്‍ എന്തൊരുപാടാണ്?
    ചിലപ്പോള്‍ തോന്നും ഒരു സിനിമയിലെന്നോണം ഒരു സംവിധായകനും
    അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ; കഥയിലെ ഗതിവിഗതികള്‍ക്കനുസരിച്ച്
    മുന്‍ധാരണയോടെ നീങ്ങുന്ന ഒരു കഥാപാത്രമായ് അങ്ങിനെ മാറിയിരുന്നെങ്കിലെന്ന്!
    അതെ ഈ കവിത വായിച്ചപ്പോള്‍

    ശരീരത്തില്‍ നിന്ന്

    ജീവപര്യന്തം ശിക്ഷയ്ക്കിടെ

    തടവ്‌ ചാടിയ

    ഓര്‍മയുടെ ഈ ജഡത്തിനു

    ഒരായുസെങ്കിലും പഴക്കമുണ്ടെന്ന് തിരിച്ചറിയുന്നു...
    ....

    ReplyDelete

Followers