16 March, 2011

മറഞ്ഞിരിപ്പത്





ഒരു കുന്തമുണ്ടായിരുന്നത്
കളഞ്ഞുപോയി അതിനിടെ.
പല പല കാര്യങ്ങളായിരുന്നെന്നേ.
അതിരില്‍ മണ്ണില്‍
മടവീഴ്ത്തിത്തുടങ്ങിയ
അവളുടെ ആ ചക്കരത്തേന്‍
വരിക്കപ്ലാവിന്‍റെ
നീണ്ടുവരുന്ന വിരലുകളുടെ
അറ്റത്ത് ഇത്തിരിയെങ്കിലും
രസം വച്ചൊന്നു
കരിച്ചുനോക്കുകയെങ്കിലും വേണ്ടേ.
അയയില്‍ തോരാനിട്ട
പകലിനെ പേരിനെങ്കിലും
ഒന്നുകുടഞ്ഞു മടക്കിവയ്ക്കണ്ടേ.
ഇപ്പുറത്തേക്കു നീളുന്ന
അവളുടെ കരിങ്കണ്ണുകളെ
കല്ലെടുത്തെറിഞ്ഞ്
ആട്ടിപ്പായിക്കണം.
ചിലതുണ്ട് കല്ലെത്രയെറിഞ്ഞാലും
പിന്നെയും ചാഞ്ഞും ചെരിഞ്ഞും നോട്ടം.
അപ്പുറത്തുനിന്നു കാക്കയും കുരുവിയും
കൊണ്ടിടുന്ന പലതരം
വിത്തുകളുണ്ട്.
നോക്കിനില്‍ക്കുന്ന നേരം മതി
നെഞ്ചിലോട്ടും മറ്റും
പടര്‍ന്നങ്ങു കയറാനായിട്ട്.
അതുങ്ങടെയൊക്കെ
കൂമ്പും തളിരുമൊക്കെ
സമയാസമയത്ത്
ഒടിച്ചുകളയാന്‍ വേറാരിരിക്കുന്നു.
ഇതിനിടയിലെപ്പോഴാണ്
ആകെയുണ്ടായിരുന്ന നശിച്ച കുന്തം
കാണാതായതെന്നാര്‍ക്കറിയാം.
തപ്പാമെന്നുവച്ചും നോക്കിയപ്പോള്‍
ആ കുടവും ഇരുന്നിടത്ത് നിന്ന്
എഴുന്നേറ്റുപോയിരിക്കുന്നു.
കണ്ടുപോയാല്‍ ഒന്നും രണ്ടും
പറഞ്ഞ് എന്തായിരുന്നു
ഉണ്ടാക്കുമായിരുന്ന പുകിലൊക്കെ.
ഒന്നിച്ച് ഒളിച്ചുപോയതാവാനും മതി.
ഒന്നിനൊന്നിനെ തപ്പേണ്ടവയൊക്കെ
ഒന്നിച്ചൊളിച്ചുപോയാല്‍
അവിടന്നുമിവിടന്നും ഇതൊക്കെ
തപ്പിയെടുക്കേണ്ടവര്‍
ചുറ്റിപ്പോവത്തേയുള്ളൂ.
അതൊന്നും വേണ്ടാത്ത
ബാക്കിയുള്ളവര്‍ക്ക് വകയായി,
ഓരോന്നോരോന്നു പറയാനും
നിറഞ്ഞുചിരിക്കാനും.

14 March, 2011

പൂര്‍ണമിദം



ഇതാണിപ്പോള്‍ ഒന്നും
മനസ്സിലാവാത്തത്.
രാത്രിക്കൊപ്പം പൊട്ടിവീണ
കുപ്പിവളത്തുണ്ടുകള്‍
ചേര്‍ത്തുവെച്ചപ്പോഴുണ്ട്
അതിനു രാത്രിയേക്കാള്‍ വലിപ്പം.
കിടക്കയില്‍ നിറഞ്ഞുകവിഞ്ഞ്‌
വളഞ്ഞു നിറഞ്ഞങ്ങനെ
പകലിലേക്കും
പടര്‍ന്നുകിടക്കുന്നു.
അതിനിടയില്‍ പകലുണ്ട്
മുഖമൊളിപ്പിച്ചങ്ങനെ.

അവളുടെ കണ്ണൊന്നു
നിറഞ്ഞപ്പോള്‍
ഈ കടലത്രയും
അഴിഞ്ഞുലഞ്ഞു
നിറഞ്ഞതെങ്ങനെയാവും.

മനസ്സൊന്നു തുറന്നപ്പോഴുണ്ട്
ഈ ഈരേഴുലകിലും
ഇക്കാണാത്തതൊക്കെയും
അവളിത്രയും കാലം
ഒളിപ്പിച്ചുവച്ചത്
എന്തിനു വേണ്ടിയാവും?.

12 March, 2011



മാറാട്ടം





എന്നാലും, കടുവയെന്നൊക്കെ
പറയുമെങ്കിലും
കാടടക്കി കാല്‍ക്കീഴില്‍
ചവിട്ടിനടക്കുമെന്നൊക്കെ
വിചാരിക്കുന്നെങ്കിലും
നമുക്ക് മേലുടുപ്പുകള്‍
പരസ്പരം വെച്ചുമാറാം
എന്ന് പറയാനെങ്ങനെ
തോന്നിയതെങ്ങനെ നിനക്ക്.
ഇരയെ ഓടിച്ചുപിടിച്ചു
അതിന്‍റെ ജീവനില്‍
നഖമാഴ്ത്താ‍നൊന്നും
താല്പര്യമില്ലെനിക്കിപ്പോഴും.
ഇണയുടെ കഴുത്തില്‍
കടിച്ചിറുക്കി
അലറിക്കിതച്ചൊരു
മൃഗഭോഗവും വയ്യെനിക്ക്‌.
കാട്ടിലെ തണ്ണീര്‍ച്ചോലയില്‍
എനിക്കവളുടെ മുഖം കാണണം.
ഒരു പൂമ്പാറ്റച്ചിറകില്‍
അവളെ പറപ്പിക്കണം.
ഒരു പൂക്കാടവളുടെ
ഉടലില്‍ പൂക്കണം.
ഞാനിവിടെ ഇപ്പോഴത്തെപ്പോലെ,
എപ്പോഴത്തെയും പോലെ
അങ്ങ് കൂടിക്കൊള്ളാമെന്നിരിക്കെ,
ഇന്നാളൊരു പുലിയും പൂച്ചയും
ഇതേ ചോദ്യവുമായി വന്നു.
എന്താ എല്ലാ ചോദ്യങ്ങളും
എന്നോട് മാത്രമെന്നു
അപ്പോഴൊക്കെയും
വെറുതെ ഓര്‍ത്തുകാണും.
ഇനിയിവിടെ ബാക്കി
ഞാന്‍ മാത്രമേയുള്ളൂ
എന്നുണ്ടോ, ആവോ.

11 March, 2011

അടുപ്പുകല്ല്


ഇക്കുറി വിരുന്നുമുറിയും
കിട്ടിയേ തീരൂ
എന്നവള്‍ വാശിപിടിക്കാമോ?.
അടുക്കളയും ഊണുമുറി
മണ്ഡലവും നല്‍കാമെന്നു
പറഞ്ഞപ്പോഴാ
അവളുടെ രാഷ്ട്രീയം
ശരിക്കും ഒന്നു കാണേണ്ടത്.
അതൊക്കെയും സംവരണ
മണ്ഡലമാണെന്ന്.
അതിലൊന്നും തൊട്ടുകളിക്കേണ്ടെന്ന്.
അപ്പോള്‍ കിടപ്പുമുറിയോ
എന്നൊരു തറുതല
ചോദിക്കാതിരുന്നില്ല.
അവിടെ മത്സരിക്കുമെന്ന് അവള്‍.
മത്സരിക്കട്ടെ എന്നും ഞാനും
വച്ചു. പെട്ടിയില്‍ എത്ര വീഴും
എന്നൊന്നറിയാമല്ലോ.
അവസാനം നോക്കുമ്പോഴുണ്ട്‌
എനിക്ക് പൂമുഖവും
അടുക്കളച്ചായ്പ്പും
പണ്ടപ്പച്ചനുണ്ടായിരുന്നപ്പോഴത്തെ
കുഴമ്പ് മണക്കുന്ന
നടുമുറ്റവും തൊടിയിലെ
കുളിമുറിയും മാത്രം.
ചര്‍ച്ച ഇന്നു രാത്രിയിലുമുണ്ട്
എന്നൊരു ആശ്വാസം മാത്രമേയുള്ളൂ.
പിന്തുണ വല്ലതും പിന്‍വലിച്ചാല്‍
മറ്റൊരു കൂട്ടുകക്ഷിയെ
കണ്ടുവെച്ചിട്ടുണ്ട് ഞാന്‍.
അവളുടെ മനസ്സിലിരുപ്പ്
എന്താണെന്ന് മാത്രം
സൂചനയൊന്നുമില്ല.
കുറുമുന്നണിയോ മറ്റോ.
ഏതായാലും,
അടുപ്പിലേക്കൊന്നു
കയറി നോക്കട്ടെ.

09 March, 2011

വീട് പണിയുന്നവന്‍




ഇതാ ഇപ്പോള്‍ നിന്‍റെ
ഈ വീട്ടില്‍.
നിന്‍റെ പൊക്കിള്‍ച്ചുഴിയെ
വലംവച്ചു നില്‍ക്കുന്ന
വ്യാളിയുടെ പച്ച കുത്ത്
എന്നെ തുറിച്ചുനോക്കുന്നതില്‍
എനിക്കൊട്ടുമില്ല പേടി.
ഇതെന്‍റെയും വീട്.
വീടെന്നു പറയാന്‍
എനിക്കുള്ളത് ഈ
ഉടല്‍ വീടുകള്‍.
എന്‍റെ, നിന്‍റെ
എന്നൊക്കെ വെറും
അലങ്കാരങ്ങള്‍.

നിന്‍റെ മലയടിവാരത്ത്
ഞാനെന്‍റെ വീടു പണിയും.
ദൂരെ കാണാം വ്യാളിയും കടന്ന്
മന്ദമൊഴുകി വരുന്നു
ഒരു നീര്‍ച്ചോല.
നീര്‍ച്ചോല നീന്തിച്ചെല്ലുന്നത്
മാടിമാടി വിളിക്കുന്ന
കടലിരമ്പങ്ങള്‍.
അവിടെ കൊച്ചുകൊച്ചു
കടലാസ് തോണികളിറക്കണം.
ആകെ നനഞ്ഞുകുതിര്‍ന്നു
കൊടുങ്കാറ്റില്‍ തകര്‍ന്ന്
അവയൊരിക്കലും തുറമുഖം വിടില്ല.
നങ്കൂരങ്ങളെ അപ്പാടെ കടപുഴക്കി
അനസ്യൂതം നീങ്ങുന്ന അടിയൊഴുക്ക്.
വീട്ടിലേക്ക് എന്നും വീശിയടിക്കുന്ന
കാറ്റിനു നിന്‍റെ
ഉച്ഛ്വാസത്തിന്‍റെ കരിപുരണ്ട
മണമായിരിക്കുമെന്ന്
ഇടയ്ക്കിടെ ഞാനാലോചിച്ചു പോകുന്നു.

എന്നാണു നീ നിന്‍റെ വീട്ടിലേക്ക്
തിരിച്ചുപോകുന്നതെന്നാണു
വ്യാളിയുടെ ചോദ്യം
ഞാനെപ്പോഴും
ഉത്തരമില്ലാതെ മടക്കുന്നു.
എനിക്കെവിടെയും വീടില്ല.
അല്ലെങ്കില്‍ എല്ലാം
എന്‍റെ വീടു തന്നെ.
എനിക്കു സ്വന്തമായുള്ളത്
ഉടല്‍വീടുകളെന്ന്
നീ കളിയായി ഓര്‍മിപ്പിക്കും.
ശരിയാണ്, നീ നിന്‍റെ
ഉടല്‍ വീടിനെ
എനിക്കു മാത്രമായെങ്ങനെ
തീറെഴുതിത്തരും.
അതും എന്നെപ്പോലൊരു
നാടോടിക്ക്.
എന്നെപ്പോലൊരു
കപ്പലോട്ടിക്ക്.
ഞാന്‍ ചക്രവാളത്തിന്‍റെ
കണ്ണില്‍ക്കണ്ണില്‍
നോക്കിയിട്ടുണ്ട്.
ഉപ്പുകാറ്റേറ്റ് എന്‍റെ
തൊലി വരണ്ടുപൊട്ടിയിരിക്കുന്നു.
കരള്‍ വിണ്ടിരിക്കുന്നു.
കണ്ണുകളില്‍ തിമിരത്തിന്‍റെ
കപ്പലോട്ടം കഴിഞ്ഞിരിക്കുന്നു.

ആരാണ് നിനക്ക് ഈ വ്യാളിയെ
പച്ചകുത്തിത്തന്നതെന്നു
ഞാന്‍ ചോദിക്കുമെന്നു
മനക്കോട്ട കെട്ടേണ്ട
വെറുതേ നീ. എന്നിട്ട്
ഉത്തരങ്ങള്‍ കൊണ്ടെന്‍റെ
കാമം കത്തിക്കാമെന്നും.
ആ ചിത്രകാരന്‍
ഞാനായിരുന്നെങ്കില്‍
എന്നു മാത്രമാണെനിക്ക്.
എങ്കില്‍ ഞാന്‍ വ്യാളിയെ
പച്ചകുത്തില്ല, കാരണം
എനിക്കതിനെ വരക്കാനറിയില്ല.
പകരം, ഞാനൊരു
വീടിന്‍റെ ചിത്രം
പച്ചകുത്തിയേനെ.
വീടു വരയ്ക്കാനേ എനിക്കറിയൂ.
നിന്‍റെ തൊലിപ്പുറത്തു
പറ്റിക്കിടക്കുന്ന വീട്.
ഒരിക്കലും തൊലിപ്പുറത്തുനിന്ന്
എഴുന്നേറ്റുനില്‍ക്കാത്തത്.
ചുവരും ജനാലകളും
മുളച്ചുവരാത്തത്.
ഓടാമ്പലും താക്കോല്‍പ്പഴുതും
ഉപേക്ഷിച്ചുപോയത്.
നോക്കുമ്പോഴെനിക്ക് കാണണം
എന്നും മലകള്‍ക്കിടയിലൂടെ
നീ ഉദിച്ചുവരുന്നത്.
ഞാനൊഴുക്കിക്കൊണ്ടുവന്ന
എന്‍റെ കടലാസ് കപ്പലും
കാണണം. ഒരു നാള്‍
ഈ വ്യാളിയെയും കൊണ്ട്
ഞാന്‍ കടലുകള്‍ കടക്കും.
അപ്പോഴേക്കും
തുറമുഖത്തെയപ്പാടെ
നിന്‍റെ കടലെടുക്കട്ടെ.

Followers