മാറാട്ടം
എന്നാലും, കടുവയെന്നൊക്കെ
പറയുമെങ്കിലും
കാടടക്കി കാല്‍ക്കീഴില്‍
ചവിട്ടിനടക്കുമെന്നൊക്കെ
വിചാരിക്കുന്നെങ്കിലും
നമുക്ക് മേലുടുപ്പുകള്‍
പരസ്പരം വെച്ചുമാറാം
എന്ന് പറയാനെങ്ങനെ
തോന്നിയതെങ്ങനെ നിനക്ക്.
ഇരയെ ഓടിച്ചുപിടിച്ചു
അതിന്‍റെ ജീവനില്‍
നഖമാഴ്ത്താനൊന്നും
താല്പര്യമില്ലെനിക്കിപ്പോഴും.
ഇണയുടെ കഴുത്തില്‍
കടിച്ചിറുക്കി
അലറിക്കിതച്ചൊരു
മൃഗഭോഗവും വയ്യെനിക്ക്.
കാട്ടിലെ തണ്ണീര്‍ച്ചോലയില്‍
എനിക്കവളുടെ മുഖം കാണണം.
ഒരു പൂമ്പാറ്റച്ചിറകില്‍
അവളെ പറപ്പിക്കണം.
ഒരു പൂക്കാടവളുടെ
ഉടലില്‍ പൂക്കണം.
ഞാനിവിടെ ഇപ്പോഴത്തെപ്പോലെ,
എപ്പോഴത്തെയും പോലെ
അങ്ങ് കൂടിക്കൊള്ളാമെന്നിരിക്കെ,
ഇന്നാളൊരു പുലിയും പൂച്ചയും
ഇതേ ചോദ്യവുമായി വന്നു.
എന്താ എല്ലാ ചോദ്യങ്ങളും
എന്നോട് മാത്രമെന്നു
അപ്പോഴൊക്കെയും
വെറുതെ ഓര്‍ത്തുകാണും.
ഇനിയിവിടെ ബാക്കി
ഞാന്‍ മാത്രമേയുള്ളൂ
എന്നുണ്ടോ, ആവോ.
No comments:
Post a Comment