09 March, 2011

വീട് പണിയുന്നവന്‍




ഇതാ ഇപ്പോള്‍ നിന്‍റെ
ഈ വീട്ടില്‍.
നിന്‍റെ പൊക്കിള്‍ച്ചുഴിയെ
വലംവച്ചു നില്‍ക്കുന്ന
വ്യാളിയുടെ പച്ച കുത്ത്
എന്നെ തുറിച്ചുനോക്കുന്നതില്‍
എനിക്കൊട്ടുമില്ല പേടി.
ഇതെന്‍റെയും വീട്.
വീടെന്നു പറയാന്‍
എനിക്കുള്ളത് ഈ
ഉടല്‍ വീടുകള്‍.
എന്‍റെ, നിന്‍റെ
എന്നൊക്കെ വെറും
അലങ്കാരങ്ങള്‍.

നിന്‍റെ മലയടിവാരത്ത്
ഞാനെന്‍റെ വീടു പണിയും.
ദൂരെ കാണാം വ്യാളിയും കടന്ന്
മന്ദമൊഴുകി വരുന്നു
ഒരു നീര്‍ച്ചോല.
നീര്‍ച്ചോല നീന്തിച്ചെല്ലുന്നത്
മാടിമാടി വിളിക്കുന്ന
കടലിരമ്പങ്ങള്‍.
അവിടെ കൊച്ചുകൊച്ചു
കടലാസ് തോണികളിറക്കണം.
ആകെ നനഞ്ഞുകുതിര്‍ന്നു
കൊടുങ്കാറ്റില്‍ തകര്‍ന്ന്
അവയൊരിക്കലും തുറമുഖം വിടില്ല.
നങ്കൂരങ്ങളെ അപ്പാടെ കടപുഴക്കി
അനസ്യൂതം നീങ്ങുന്ന അടിയൊഴുക്ക്.
വീട്ടിലേക്ക് എന്നും വീശിയടിക്കുന്ന
കാറ്റിനു നിന്‍റെ
ഉച്ഛ്വാസത്തിന്‍റെ കരിപുരണ്ട
മണമായിരിക്കുമെന്ന്
ഇടയ്ക്കിടെ ഞാനാലോചിച്ചു പോകുന്നു.

എന്നാണു നീ നിന്‍റെ വീട്ടിലേക്ക്
തിരിച്ചുപോകുന്നതെന്നാണു
വ്യാളിയുടെ ചോദ്യം
ഞാനെപ്പോഴും
ഉത്തരമില്ലാതെ മടക്കുന്നു.
എനിക്കെവിടെയും വീടില്ല.
അല്ലെങ്കില്‍ എല്ലാം
എന്‍റെ വീടു തന്നെ.
എനിക്കു സ്വന്തമായുള്ളത്
ഉടല്‍വീടുകളെന്ന്
നീ കളിയായി ഓര്‍മിപ്പിക്കും.
ശരിയാണ്, നീ നിന്‍റെ
ഉടല്‍ വീടിനെ
എനിക്കു മാത്രമായെങ്ങനെ
തീറെഴുതിത്തരും.
അതും എന്നെപ്പോലൊരു
നാടോടിക്ക്.
എന്നെപ്പോലൊരു
കപ്പലോട്ടിക്ക്.
ഞാന്‍ ചക്രവാളത്തിന്‍റെ
കണ്ണില്‍ക്കണ്ണില്‍
നോക്കിയിട്ടുണ്ട്.
ഉപ്പുകാറ്റേറ്റ് എന്‍റെ
തൊലി വരണ്ടുപൊട്ടിയിരിക്കുന്നു.
കരള്‍ വിണ്ടിരിക്കുന്നു.
കണ്ണുകളില്‍ തിമിരത്തിന്‍റെ
കപ്പലോട്ടം കഴിഞ്ഞിരിക്കുന്നു.

ആരാണ് നിനക്ക് ഈ വ്യാളിയെ
പച്ചകുത്തിത്തന്നതെന്നു
ഞാന്‍ ചോദിക്കുമെന്നു
മനക്കോട്ട കെട്ടേണ്ട
വെറുതേ നീ. എന്നിട്ട്
ഉത്തരങ്ങള്‍ കൊണ്ടെന്‍റെ
കാമം കത്തിക്കാമെന്നും.
ആ ചിത്രകാരന്‍
ഞാനായിരുന്നെങ്കില്‍
എന്നു മാത്രമാണെനിക്ക്.
എങ്കില്‍ ഞാന്‍ വ്യാളിയെ
പച്ചകുത്തില്ല, കാരണം
എനിക്കതിനെ വരക്കാനറിയില്ല.
പകരം, ഞാനൊരു
വീടിന്‍റെ ചിത്രം
പച്ചകുത്തിയേനെ.
വീടു വരയ്ക്കാനേ എനിക്കറിയൂ.
നിന്‍റെ തൊലിപ്പുറത്തു
പറ്റിക്കിടക്കുന്ന വീട്.
ഒരിക്കലും തൊലിപ്പുറത്തുനിന്ന്
എഴുന്നേറ്റുനില്‍ക്കാത്തത്.
ചുവരും ജനാലകളും
മുളച്ചുവരാത്തത്.
ഓടാമ്പലും താക്കോല്‍പ്പഴുതും
ഉപേക്ഷിച്ചുപോയത്.
നോക്കുമ്പോഴെനിക്ക് കാണണം
എന്നും മലകള്‍ക്കിടയിലൂടെ
നീ ഉദിച്ചുവരുന്നത്.
ഞാനൊഴുക്കിക്കൊണ്ടുവന്ന
എന്‍റെ കടലാസ് കപ്പലും
കാണണം. ഒരു നാള്‍
ഈ വ്യാളിയെയും കൊണ്ട്
ഞാന്‍ കടലുകള്‍ കടക്കും.
അപ്പോഴേക്കും
തുറമുഖത്തെയപ്പാടെ
നിന്‍റെ കടലെടുക്കട്ടെ.

No comments:

Post a Comment

Followers

Blog Archive