അടുപ്പുകല്ല്
ഇക്കുറി വിരുന്നുമുറിയും
കിട്ടിയേ തീരൂ
എന്നവള്‍ വാശിപിടിക്കാമോ?.
അടുക്കളയും ഊണുമുറി
മണ്ഡലവും നല്‍കാമെന്നു
പറഞ്ഞപ്പോഴാ
അവളുടെ രാഷ്ട്രീയം
ശരിക്കും ഒന്നു കാണേണ്ടത്.
അതൊക്കെയും സംവരണ
മണ്ഡലമാണെന്ന്.
അതിലൊന്നും തൊട്ടുകളിക്കേണ്ടെന്ന്.
അപ്പോള്‍ കിടപ്പുമുറിയോ
എന്നൊരു തറുതല
ചോദിക്കാതിരുന്നില്ല.
അവിടെ മത്സരിക്കുമെന്ന് അവള്‍.
മത്സരിക്കട്ടെ എന്നും ഞാനും
വച്ചു. പെട്ടിയില്‍ എത്ര വീഴും
എന്നൊന്നറിയാമല്ലോ.
അവസാനം നോക്കുമ്പോഴുണ്ട്
എനിക്ക് പൂമുഖവും
അടുക്കളച്ചായ്പ്പും
പണ്ടപ്പച്ചനുണ്ടായിരുന്നപ്പോഴത്തെ
കുഴമ്പ് മണക്കുന്ന
നടുമുറ്റവും തൊടിയിലെ
കുളിമുറിയും മാത്രം.
ചര്‍ച്ച ഇന്നു രാത്രിയിലുമുണ്ട്
എന്നൊരു ആശ്വാസം മാത്രമേയുള്ളൂ.
പിന്തുണ വല്ലതും പിന്‍വലിച്ചാല്‍
മറ്റൊരു കൂട്ടുകക്ഷിയെ
കണ്ടുവെച്ചിട്ടുണ്ട് ഞാന്‍.
അവളുടെ മനസ്സിലിരുപ്പ്
എന്താണെന്ന് മാത്രം
സൂചനയൊന്നുമില്ല.
കുറുമുന്നണിയോ മറ്റോ.
ഏതായാലും,
അടുപ്പിലേക്കൊന്നു
കയറി നോക്കട്ടെ.
the words we settle
16 years ago
No comments:
Post a Comment