23 March, 2011

തൊട്ടതിനും പിടിച്ചതിനും


ഇന്നെന്തോ രാവിലെ മുതല്‍
ഞാനത്ര ശരിയല്ല.
രാവിലെ കുറേ നേരം
നരിയായി മുരണ്ടും മൂളിയും
ഒരു കിളുന്തു മാന്‍പേടയെ
മരണത്തെക്കാട്ടി വിറപ്പിച്ച്
വെറുതേ കിതപ്പിച്ചും കൊതിപ്പിച്ചും.
എന്നാലോ അതിന്‍റെ
ശ്വാസത്തെ തിരിച്ചുകൊടുക്കുകയും
ചെയ്തു, ഒരു കാര്യവുമില്ലാതെ.

ഉച്ചയ്ക്കുണ്ടല്ലോ, നന്ദി
കാണിക്കാന്‍ വേണ്ടി,
അതിനുമാത്രം വേണ്ടി
കുറെ ഉണ്ണുകയും ചെയ്തു.
ഉണ്ട ചോറിനുണ്ടല്ലോ
കാണിക്കാനതിന്‍റെ കൂറ്.
എന്നിട്ട്, ഉച്ചമയക്കത്തിനിടെ
ഓരോരവളുമാരെ
വെറുതേ ഉണര്‍ത്തിയും ഉറക്കിയും.
അവരുടെ ഉച്ചയുറക്കം
തല്ലിക്കൊഴിച്ചുകളയുമ്പോള്‍ ,
അവളുമാരുടെ ഉടലില്‍ നിന്നു
കടുവയേയും കാട്ടുപോത്തിനെയും
അഴിച്ചുകെട്ടുമ്പോള്‍ , ‍
ഉണ്ടാവുമല്ലോ
അതിഗൂഢമൊരു
കറുത്ത പരിഹാസം.

വൈകീട്ടത്തെ പരിപാടിക്കിടെ
അനുസരണയില്ലാത്ത
കുറെ ഗ്ലാസുകളെയുണ്ടല്ലോ
ചെവിക്കുപിടിച്ചു പുറത്താക്കി.
ഇനിയീ പരിസരത്തുകണ്ടാല്‍
വെള്ളമൊഴിച്ചു മുക്കുമെന്നു
ഭീഷണിപ്പെടുത്തി.
അപ്പോള്‍ അവറ്റകളുടെ
മുഖത്തെ പേടിയൊന്നു കാണണം.
പേടിത്തൂറികളെന്നു പറഞ്ഞ്
വാതില്‍ ശക്തിയായി
കൊട്ടിയടച്ചത്
വാതിലിനോടുമുള്ളൊരു
മുന്നറിയിപ്പാണേ.

എല്ലാം കഴിഞ്ഞു കിടക്കാന്‍ നേരം
നിലവാടയഴിച്ചുകളഞ്ഞ
രാത്രിയുണ്ടോ
ഉറങ്ങാന്‍ വിടുന്നു,
സ്വസ്ഥമായി.
പാട്ടുകച്ചേരിക്കുള്ളവരെല്ലാം
പുറത്തുകാത്തുനില്‍ക്കുന്നു,
കുറെ കൂവിയാര്‍ത്തിട്ടേ
തീര്‍ന്നുള്ളൂ ജുഗല്‍ബന്ദി.

ഈ കിടക്കയ്ക്കുണ്ട്
രാത്രിയില്‍ രാത്രിയില്‍
ഓരോ അവളുമാരെ
വെറുതേ ഓര്‍മിപ്പിക്കാന്‍ .
എല്ലാത്തിനേയും
പടിയടച്ചു പിണ്ഡം വച്ച്
കഴിഞ്ഞപ്പോഴേക്കുമുണ്ടല്ലോ
നേരം പരപരാ വെളുത്തിരിക്കുന്നു.
പാലുമായി വന്ന പശു
ഗേറ്റില്‍ അമറിക്കൊണ്ടിരിക്കുന്നു.
ഓരോരോ വാര്‍ത്തകള്‍ വന്നു
തുരുതുരാ
സൈക്കിള്‍ ബെല്ലടിക്കുന്നു.

2 comments:

  1. ഹോ വല്ലാത്തൊരു ദിവസംല്ലേ?.
    നന്നായിരിക്കുന്നു ദിവസത്തിന്റെ പാരവശ്യം.

    ReplyDelete

Followers

Blog Archive