
രേഖാംശം, അക്ഷാംശം, ഭൂമധ്യരേഖ തുടങ്ങിയ നൂല്‍ ബന്ധങ്ങള്‍ നൂണ്ടു കടന്നുതുടങ്ങണം. വാക്കുകള്‍ മഴയെ പുഴയെന്നും കടലെന്നും കൂട്ടിവായിക്കും. അപ്പോള്‍, ഓരോരോ നോവുകള്‍ കാണുന്നതിനെയൊക്കെ വര്‍ത്തമാനമെന്നും ഭൂതമെന്നും പിരിച്ചുപറയും. ഉള്ളാലെ കാറിക്കരയുന്നൊരു മൌനമാവും ആലോചനകളെ ഹിമമെന്നും മരുവെന്നും പച്ചപ്പെന്നും തീരെ നേര്‍ത്തൊരു വേലി കെട്ടിത്തിരിച്ചിട്ടുണ്ടാവുക. പുല്മേട്ടിലപ്പോള്‍ വാക്കുകള്‍ കിളികളായി പറന്നുനടക്കും. നിമിഷങ്ങളോരോന്നു മീനുകളായി ഓളമുലച്ചിലിനു കാത്തുനില്‍ക്കും. മനസ്സിലെ ചില പുകച്ചിലുകള്‍ ആകാശത്ത് കറുത്ത് കെട്ടിക്കിടക്കുയാവും . അവയൊട്ടും പെയ്തില്ലെന്നും വരാം. വര്‍ഷങ്ങളെ കാലം മഴക്കാടെന്നും ഇലപൊഴിയും കാടെന്നും ഊഷരവനങ്ങളെന്നും നിറം മാറ്റിനിര്‍ത്തും. പൊഴിഞ്ഞ ഇലകളിലെഴുതപ്പെട്ടത് വായിക്കാന്‍ നമുക്കാണ് വെമ്പല്‍. പക്ഷെ, അക്ഷരങ്ങളുടെ കൊളുത്തും പിടിയും അഴിഞ്ഞിട്ടുണ്ടാവണം. അതിര്‍ത്തി വരകള്‍ നേര്‍ത്തു നേര്‍ത്തു തീരെ ദുര്‍ബലമായി വരും. അപ്പോഴേക്കും ഭൂപടം കൃത്യമായി നോക്കാന്‍ നമ്മള്‍ പഠിച്ചിരിക്കും.
No comments:
Post a Comment