08 March, 2011

എക്കാലത്തെയും പൂമരം



ഇതാ ഇവിടെയായിരുന്നു.
നിറയെ പൂത്തിരുന്ന ആ മരം.
അതെക്കാലവും പൂത്തുനില്‍ക്കുമെന്ന്
വ്യാമോഹിച്ച കാലമുണ്ടായിരുന്നു
എന്ന് ഇപ്പോഴും ഓര്‍ക്കുന്നത്
എന്തു കൊണ്ടെന്നാല്‍:

നിലാവു പൂത്തിറങ്ങുന്ന
രാത്രിയിലതു
വെളുത്ത പൂക്കളുമായി
രാത്രി മുഴുവന്‍ കാവല്‍ നിന്നിരുന്നു.
ഈ രാത്രി ഒരിക്കലും
അണയില്ലെന്നു വെറുതെ
കൊതിപ്പിച്ചുകൊണ്ടിരുന്നു.
നമ്മള്‍ വെളുത്ത പൂക്കണ്ണില്‍
നോക്കി രാവിനോട്
എന്തൊക്കെയാ പറഞ്ഞിരുന്നതെന്ന്
ഇപ്പോള്‍ നമുക്ക്
ഓര്‍ത്തെടുക്കാനാവുന്നുമില്ല.
പറഞ്ഞതൊക്കെ അത്രയും
അയഥാര്‍ഥമായിരുന്നു.
നമ്മള്‍ എക്കാലവുമിങ്ങനെ
പ്രണയിച്ചുകൊണ്ടിരിക്കും
എന്നത് എത്ര
അകാല്‍പ്പനികവും
ആഢംബരവുമായിരുന്നു.
അന്നു രാത്രിക്കപ്പുറം
ഏതോ കുഞ്ഞ് വിശന്നുകരഞ്ഞത്
എത്ര ലാഘവത്തോടെയാണ്
നമ്മള്‍ കേള്‍ക്കാതിരുന്നത്.

കുയിലുകള്‍ വന്നു പകലിനെ
കൂകിയുണര്‍ത്തിയ കാലത്ത്
ഈ മരം മുഴുക്കെ
ചുവന്നു പൂത്തിറങ്ങിയിരുന്നു.
അതിനു കീഴില്‍ നിന്നു
നിനക്കും മുഖത്ത്
അരുണിമ പടര്‍ന്നിരുന്നു.
ഒരു ചുവന്ന പൂമ്പൊടി
നിന്‍റെ മാറില്‍ നിന്നു
ഞാന്‍ തൊട്ടെടുത്തപ്പോള്‍
നീ മറ്റൊരു ചുവന്ന പൂവായി.
പകലിനു പുറത്തു
ചോര പൊടിഞ്ഞതൊക്കെയും
എത്ര ലാഘവത്തോടെയാണ്
നമ്മള്‍ കാണാന്‍ മടിച്ചിരുന്നത്.
പൂക്കണ്ണില്‍ നിന്നോരോ
ചുവന്ന നോട്ടത്തെ
നോക്കാതിരിക്കാന്‍
അപ്പോഴേക്കും നമ്മളെത്ര
വിദഗ്ദ്ധമായി പഠിച്ചിരുന്നു.

വെയില്‍ കത്തിയ കാലത്ത്
മരം മഞ്ഞപ്പൂക്കളായി
പെയ്തിറങ്ങുമെന്ന്
നമുക്കറിയാമായിരുന്നു.
നമ്മുടെ മഞ്ഞപ്പൂക്കാലമെന്നു
പ്രണയിച്ച് നമ്മള്‍ പരസ്പരം
ഒറ്റുകൊടുക്കുകയായിരുന്നില്ല.
മറിച്ച്, പരസ്പരം
ഓടിയകലുകയായിരുന്നു.
പരസ്പരം മറക്കുകയായിരുന്നു.
പരസ്പരം മറച്ചുപിടിക്കുകയായിരുന്നു.

ഒരു മരത്തിനും എക്കാലവും
എന്നത്തേയും പോലെ
പൂത്തുനില്‍ക്കാനാവില്ലെന്നു
പരസ്പരം ഓര്‍മിച്ചതും
അതിനും പിന്നീടെപ്പോഴോ.
ഇതാ ഇവിടെയായിരുന്നു.
നിറയെ പൂത്തിരുന്ന ആ മരം.
ഹൃദയത്തിലെവിടെയോ
തൊട്ട് അതിപ്പോള്‍
നമ്മള്‍ ഓര്‍ക്കാന്‍
ശ്രമിക്കുകയായിരുന്നിരിക്കണം.
അതിനെക്കുറിച്ച്
ഇപ്പോഴോര്‍ത്തതും
മറ്റൊന്നും കൊണ്ടായിരിക്കില്ല.

1 comment:

  1. നിങ്ങളൂടെ പ്രണയ കവിതകൾ വായിക്കുന്നു

    ReplyDelete

Followers

Blog Archive